കേരള നിയമസഭയുടെ ചരിത്രം

പീസിയന്‍

WD
തിരു - കൊച്ചി ഏകീകരണം

കൊച്ചി രാജ്യത്തിലും 1925-ല്‍ത്തന്നെ 45 അംഗങ്ങളുള്ള ആദ്യത്തെ നിയമസഭ സമിതി നിലവില്‍വന്നു. ഇതില്‍ 30 പേരെ തിരഞ്ഞെടുക്കുകയും 15 പേരെ നാമനിര്‍ദ്ദേശം ചെയ്യുകയുമായിരുന്നു.

1947 ഓഗസ്റ്റ് 14-ന് കൊച്ചിയില്‍ ഉത്തരവാദഭരണം അനുവദിക്കുകയും 1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കി, നിയമസഭയായി പ്രഖ്യാപിക്കുകയും ചെയ്തു.

തിരുവിതാംകൂര്‍ മഹാരാജാവിനെ രാജ്യത്തലവനാക്കി (രാജപ്രമുഖ്) 1949 ജൂലായ് ഒന്നിനു തിരുവിതാംകൂര്‍-കൊച്ചി ഏകീകരണം നടന്നു.

ഏകീകരിച്ച തിരുവിതാംകൂര്‍-കൊച്ചി രാജ്യത്തിന്‍റെ മുഖ്യമന്ത്രിയായി പറവൂര്‍ ടി.കെ. നാരായണപിള്ള സ്ഥാനമേല്‍ക്കുകയും സഭയുടെ ആദ്യ സ്പീക്കറായി ടി. എം. വര്‍ഗ്ഗീസിനെ 1949 ജൂലായ് 11 ന് തെരഞ്ഞെടുക്കുകയും ചെയ്തു.

ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24-ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നാംതീയതി സ്ഥാനമേറ്റ സി. കേശവന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു.

ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായതിനുശേഷം 1951 ഡിസംബറില്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എ. ജെ. ജോണിന്‍റെ നേതൃത്വത്തില്‍ 1952 മാര്‍ച്ച് 12-ന് മന്ത്രിസഭയുണ്ടാക്കിയെങ്കിലും 1952 സെപ്റ്റംബര്‍ പതിമൂന്നിന് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

1954 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പി. എസ്. പി. നേതാവ് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഒരു മന്ത്രിസഭ 1954 മാര്‍ച്ച് പതിനേഴാം തീയതി അധികാരത്തില്‍ വന്നുവെങ്കിലും 1955 ഫെബ്രുവരിയില്‍ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുമൂലം രാജിവച്ചു.

പിന്നീടുവന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ 1956 മാര്‍ച്ച് 23 വരെ അധികാരത്തില്‍ തുടര്‍ന്നു. മന്ത്രിസഭയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അസംബ്ളി പിരിച്ചുവിട്ട് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :