“ഞങ്ങള്‍ ആരെയും ചതിക്കുന്നവരല്ല” - പി സി ജോര്‍ജ്ജിന് പിണറായിയുടെ മറുപടി

കൊല്ലം| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (20:50 IST)
ആരെയും ചതിക്കുന്ന പാര്‍ട്ടിയല്ല സി പി എം എന്നും തങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ളവര്‍ അങ്ങനെ പറയില്ലെന്നും സി പി എം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്‍. സി പി എമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചു എന്ന പി സി ജോര്‍ജ്ജിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.

സി പി എം ആരെയും ചതിക്കുന്ന പാര്‍ട്ടിയല്ല. ഞങ്ങളോട് സഹകരിച്ചിട്ടുള്ളവര്‍ അത്തരം ഒരു അഭിപ്രായം പറയില്ല. ഞങ്ങളുമായി സഹകരിക്കാത്തവർ എങ്ങനെയാണ് അഭിപ്രായം പറയുക? - പിണറായി ചോദിച്ചു.

ഇടതുപാളയത്തില്‍ നിന്ന് തനിക്ക് ചതി നേരിടേണ്ടി വന്നുവെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന് സീറ്റ് നിഷേധിച്ചതായി എല്‍ ഡി എഫ് നേതൃത്വം അറിയിച്ചതിനു തൊട്ടുപിന്നാലെ ആയിരുന്നു പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞത്. സി പി എം മുഴുവനായി തന്നെ ചതിച്ചിട്ടില്ലെന്നും സി പി എമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറില്‍ താന്‍ തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് സി പി എമ്മിന്റെയും സി പി ഐയുടെയും ലോക്കല്‍, ബ്രാഞ്ച്, ഏരിയ കമ്മിറ്റി നേതാക്കന്മാരും അംഗങ്ങളും സി പി എം നേതാവ് വി എന്‍ വാസവനും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് ഇനി മാറാന്‍ പറ്റില്ല. പൂഞ്ഞാറില്‍ താന്‍ തന്നെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

സി പി എമ്മിലെ ഏതോ ഒരു വിഭാഗം എന്നെ ചതിച്ചു. ചൊവ്വാഴ്ച പത്രക്കാരെ കണ്ടു കഴിഞ്ഞാല്‍ പ്രചരണ പരിപാടിയുമായി ഇറങ്ങും. 365 ദിവസവും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. അതുകൊണ്ടു തന്നെ പ്രചരണത്തിന്റെ ആവശ്യമില്ലെന്നും എല്ലാ കാര്യങ്ങളും ചൊവ്വാഴ്ച മാധ്യമങ്ങളോട് പറയാമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :