സൂപ്പര്‍ സ്റ്റാറും കൂട്ടരും തകര്‍ക്കാന്‍ ശ്രമിക്കുന്നു: റൌഫ്

കോഴിക്കോട്| WEBDUNIA|
PRO
PRO
മഹാരാഷ്‌ട്രയില്‍ തനിക്കെതിരെയുള്ള ഭൂമിഇടപാട് കേസ് ഗൂഡാലോചനയുടെ ഭാഗമാണെന്ന് വ്യവസായി കെ എ റൌഫ്. ഗ്രാമമുഖ്യനെ താന്‍ വധിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തെറ്റാണ്. അവിടെ താനാണ് ആക്രമിക്കപ്പെട്ടതെന്നും റൌഫ് പറഞ്ഞു. കാസര്‍കോട് സ്വദേശികളാണ് തന്നെ ആക്രമിച്ചതെന്നും റൌഫ് വ്യക്തമാക്കി. കല്ലേറില്‍ തനിക്ക്‌ തലയ്‌ക്കു പരുക്കേറ്റിരുന്നു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറും ചില രാഷ്ട്രീയക്കാരും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്നും റൌഫ് പറഞ്ഞു. ദുബായിലെ ഒരു മലയാളി വ്യവസായിക്കും ഇതില്‍ പങ്കുണ്ട്. മഹാരാഷ്‌ട്രയില്‍ തന്റെ 300 ഏക്കര്‍ ഭൂമിക്ക് ചുറ്റും ഇവര്‍ രണ്ടായിരം ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്‌. അവിടെ നിന്ന് മരങ്ങള്‍ മുറിച്ച്‌ കടത്തി റബര്‍ കൃഷി നടത്തുകയാണ് ഇവരുടെ രീതി‌. തന്റെ ഭൂമിയും കൈക്കലാക്കാന്‍ ഇവര്‍ ശ്രമം നടത്തുന്നുണ്ട്. ഇവര്‍ മരങ്ങള്‍ മുറിച്ചു കടത്തുന്നതിനെതിരെ താന്‍ മഹാരാഷ്‌ട്ര വനംമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തേ കേസ് കെട്ടിച്ചമച്ചിരിക്കുന്നത്. കേരളത്തിലെ വനം മന്ത്രി മഹാരാഷ്‌ട്ര വനംമന്ത്രിയെ വിളിച്ച്‌ സൂപ്പര്‍സ്‌റ്റാറിന്‌ അനുകൂലമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടതായി തനിക്ക് വിവരം ലഭിച്ചിരുന്നു.

മഹാരാഷ്‌ട്രയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ റൗഫിനെ കോഴിക്കോട്‌ പോലീസ്‌ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. മഹാരാഷ്‌ട്ര ഡി ജി പിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്‌.

ഗ്രാമമുഖ്യനെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ്‌ ചോദ്യം ചെയ്യല്‍. റൌഫിന്റെ ഭൂമിക്ക് സമീപം ഒരു ക്ഷേത്രമുണ്ട്. ഇവിടേക്ക് റൗഫ്‌ മാംസക്കഷ്‌ണങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും ഇതിനെ ചോദ്യം ചെയ്‌ത ഗ്രാമമുഖ്യനെ വധിക്കാന്‍ ശ്രമിച്ചു എന്നുമാണ് കേസ്. രണ്ട് മാസം മുമ്പാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

ഒരു മാസിക ഉടമയ്‌ക്ക് കാര്‍ പ്രതിഫലമായി നല്‍കിയാണ് കുഞ്ഞാലിക്കുട്ടി തനിക്കെതിരെ വാര്‍ത്ത എഴുതിച്ചതെന്നും റൌഫ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :