സമ്പത്തിന്റെ സഹോദരന്റെ ഹര്‍ജി തള്ളി

കൊച്ചി| WEBDUNIA|
PRO
PRO
പൂത്തൂര്‍ ഷീലാ വധക്കേസ്‌ മുഖ്യപ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരന്‍ മുരുകേശ്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളി. എറണാകുളം സെഷന്‍സ്‌ കോടതിയാണ് ഹര്‍ജി തള്ളിയത്.

കേസില്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരായ എ ഡി ജി പി മുഹമ്മദ് യാസിന്‍, എസ് പി വിജയ് സാഖറേ എന്നിവരെ അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടിയാണ് മുരുകേശന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന് ശാസ്‌ത്രീയ തെളിവ്‌ ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മുഹമ്മദ് യാസിന്‍, വിജയ് സാഖറേ എന്നിവര്‍ക്കെതിരെ സാഹചര്യതെളിവുകളും വിശ്വസനീയമായ സാക്ഷിമൊഴികളുമില്ല എന്നും സി ബി ഐ വ്യക്തമാക്കിയിരുന്നു.

സമ്പത്തിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചപ്പോള്‍ എഡിജിപി മുഹമ്മദ് യാസിന്‍ മലമ്പുഴയില്‍ ഉണ്ടായിരുന്നില്ലെന്ന് സി ബി ഐ ബുധനാഴ്ച കോടതിയില്‍ അറിയിച്ചിരുന്നു. യാസിന്‍ അപ്പോള്‍ കോയമ്പത്തൂരിലെ ഗസ്റ്റ് ഹൌസില്‍ ആയിരുന്നു. യാസിന്‍ കോയമ്പത്തൂരില്‍ ആയിരുന്നതിന്റെ തെളിവായി ടെലിഫോണ്‍ ഫോളുകളുടെ രേഖകളുമുണ്ട്.

മലമ്പുഴ റിവര്‍സൈഡ് കോട്ടെജിലാണ് സമ്പത്ത് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. 6.45-നാണ് മര്‍ദനം നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. 6.15 വരെ യാസിന്‍ കോയമ്പത്തൂരില്‍ ഉണ്ടായിരുന്നതിനും രേഖകളുണ്ട്. അരമണിക്കൂര്‍ കൊണ്ടു എങ്ങനെ കോയമ്പത്തൂരില്‍ നിന്ന് മലമ്പുഴയില്‍ എത്തിച്ചേരുമെന്നും സി ബി ഐ വാദിച്ചു.

അതേസമയം കേസില്‍ പ്രതികളായ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിലപാടാണ് സി ബി ഐ സ്വീകരിക്കുന്നതെന്ന് ജഡ്ജി ബി കമാല്‍ പാഷ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കേസില്‍ സി ബി ഐ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :