ഗുണ്ടാനേതാവ് ആര്യനാട് ശ്യാമിന്റെ സഹായിയിയും കാമുകിയുമായ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ശ്യാമിനൊപ്പം കള്ളനോട്ടു കേസില്‍ പ്രതിയായ ഉഷേന്ദ്രമണിയാണ് കുടുങ്ങിയത്. 2010ല്‍ സ്പിരിറ്റ് കേസില്‍ ജയിലിലായിരുന്ന ശ്യാമിനെ ജാമ്യത്തിലിറക്കിയത് ഉഷേന്ദ്രമണിയാണ്. തുടര്‍ന്ന് ഇരുവരും നഗരത്തില്‍ പല സ്ഥലങ്ങളിലും ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഒരുമിച്ചു കഴിയുകയായിരുന്നു
ഉഷേന്ദ്രമണി പൊട്ടക്കുഴിയില്‍ വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ ഇരുവരും ചേര്‍ന്നു ഡ്രീം ടച്ച് കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. ഇതിന്റെ മറവില്‍ കള്ളനോട്ട് അച്ചടിച്ചു വിനിമയം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫ്ലാറ്റ് റെയ്ഡ് ചെയ്തു കള്ളനോട്ടു പിടിച്ചെടുത്തെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട്, ആര്യനാട് ശ്യാം കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു.
ഒളിവില്‍ കഴിഞ്ഞ ഉഷേന്ദ്രമണിയെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ വിമലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജ് സിഐ ശ്യാംലാല്‍, എസ്ഐ സജി ശങ്കര്‍, വനിതാ പൊലിസ് സുനിത, ഷാഡോ പൊലിസുകാരായ അരുണ്‍, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.