വീട്ടമ്മയെ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി മുളകുപൊടി വിതറിയ സംഭവം; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

തവനൂര്‍| WEBDUNIA|
PRO
വീട്ടമ്മയെ വീടിനുള്ളില്‍ക്കയറി മര്‍ദിക്കുകയും ബോധരഹിതയായ യുവതിയെ കൈകള്‍ബന്ധിച്ച് വായമൂടികെട്ടുകയും ചെയ്ത് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി ദേഹത്ത് മുളക്‌പൊടി വിതറിയശേഷം സംഘം രക്ഷപ്പെട്ടുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

യുവതിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണ്ടിലത്തിനടുത്ത് മാത്തൂരില്‍ സുരേഷിന്റെ ഭാര്യ രമ്യ (25)യാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാവിലെ 6.55നാണ് സംഭവം

ആക്രമണത്തിനിരയായവരുടെ മൊഴി ഇങ്ങനെ: ബസ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ സുരേഷിന് രമ്യയുടെ ഫോണ്‍ വന്നെങ്കിലും പറയുന്നത് ഒന്നും മനസ്സിലായില്ല. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയേയും കൂട്ടി വേഗം വീട്ടിലെത്തി.

ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് അടുക്കളഭാഗത്ത്‌വച്ചിരുന്ന ടിവിയുടെ പെട്ടിയ്ക്കുള്ളില്‍ ഭാര്യയെ കണ്ടെത്തിയത്.
കൈകള്‍ പ്ലാസ്റ്റിക് കയര്‍കൊണ്ട് ബന്ധിക്കുകയും ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് വായമൂടികെട്ടുകയും ചെയ്ത നിലയിലാണ് ഭാര്യ പെട്ടിയില്‍ കിടന്നിരുന്നത്. ദേഹത്ത് മുളക്‌പൊടി വിതറുകയും ചെയ്തിരുന്നു.

മൂന്ന്‌പേരാണ് വീട്ടിലെത്തി മര്‍ദിച്ചതെന്ന് രമ്യ പറഞ്ഞു. രണ്ട് ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ഭര്‍ത്താവിനെ കൊല്ലുമെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നും പറഞ്ഞാണ് സംഘം മര്‍ദിച്ചത്.

അയല്‍വാസി നാട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പൊന്നാനി സി ഐ.അബ്ദുല്‍മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

സംഭവത്തിനുശേഷം ഇടക്ക് അബോധാവസ്ഥയിലായ രമ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :