കൊച്ചി|
WEBDUNIA|
Last Modified വെള്ളി, 11 ജൂണ്‍ 2010 (15:23 IST)
PRO
നക്സല്‍ നേതാവായിരുന്ന വര്‍ഗീസിനോട് പോലീസിനും ഭരണകൂടത്തിനും വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതാണ് വര്‍ഗീസിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുന്‍ നക്സല്‍ നേതാവും അന്വേഷി പ്രസിഡന്റുമായ കെ അജിത. വര്‍ഗീസ് വധക്കേസ് വിചാരണ ചെയ്യുന്ന പ്രത്യേക സി ബി ഐ കോടതിയില്‍ ഹാജാരായി മൊഴി നല്‍കുകയായിരുന്നു അവര്‍.
40 വര്‍ഷത്തിനു ശേഷമെങ്കിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും എന്ന സ്ഥിതിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും അജിത മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീസിനെ വെടിവച്ച പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായര്‍തന്നെ സത്യം വെളിപ്പെടുത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നേരത്തെ തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്നും അജിത പറഞ്ഞു. വര്‍ഗീസിന്റെ പക്കല്‍ തോക്കുണ്ടായിരുന്നോ എന്ന സി ബി ഐയുടെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇത് സി ബി ഐ തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്നും അജിത പറഞ്ഞു.
കഴിഞ്ഞ മാസം കോടതിയില്‍ ഹാജരാകാന്‍ അജിതയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അവര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. കേസിന്റെ മൂന്നാംഘട്ട സാക്ഷി വിസ്താരമാണ് ഇന്നാരംഭിച്ചത്. പരേതനായ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍, മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ പി. വിജയന്, കെ. ലക്ഷ്മണ എന്നിവരാണു കേസിലെ പ്രതികള്‍. രാമചന്ദ്രന്‍നായരുടെ സഹപ്രവര്‍ത്തകരായിരുന്ന കോണ്‍സ്റ്റബിള്‍ ജയദേവന്, ഹനീഫ എന്നിവരെയും നക്സലൈറ്റ് നേതാവായിരുന്ന ഗ്രോവാസുവിനെയും കോടതി നേരത്തെ വിസ്തരിച്ചിരുന്നു.