ലാവ്‌ലിന്‍ കോഴ: ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി| WEBDUNIA|
PRO
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ലാവ് ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കോഴപ്പണം വാങ്ങിയെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കോഴ വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് സി ബി ഐ, പ്രത്യേക കോടതിയില്‍ വിശദീകരണം നല്കിയിരുന്നു. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിക്കാരന് ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ നല്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സി ബി ഐ വിശദീകരണം നല്കിയിരുന്നു.

എന്നാല്‍ കേസില്‍ ആരെയെങ്കിലും കുറ്റവിമുക്‌തനാക്കിയിട്ടില്ലെന്നും കോഴപ്പണം വാങ്ങിയത്‌ സംബന്ധിച്ച്‌ തെളിവ്‌ ലഭിച്ചാല്‍ അന്വേഷിക്കുമെന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നു‌. ഇതിനിടെ പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു താന്‍ ദൃക്‌സാക്ഷിയാണെന്ന വാദവുമായി തിരുവനന്തപുരം സ്വദേശി ദീപക് കപൂര്‍ സി ബി ഐക്കു മൊഴി നല്കിയിരുന്നു. സി ബി ഐയുടെ ചെന്നൈയിലുള്ള ഓഫീസിലെത്തി 60 പേജുള്ള വിശദീകരണമായിരുന്നു ദീപക് കുമാര്‍ നല്കിയത്.

കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ്‌ രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്‌ത കാലത്താണു ലാവ്‌ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക് കുമാര്‍ പറയുന്നു. ദിലീപ്‌ രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക്‌ കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൗരവമുള്ള ആരോപണവും സിബിഐക്കു നല്‍കിയ കുറിപ്പിലുണ്ട്‌. ഈ ആരോപണങ്ങളെക്കുറിച്ച് സി ബി ഐ വ്യക്തമായ അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :