ലാവ്‌ലിന്‍ കേസ് സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എസ്എന്‍സി ലാവ്‌ലിന്‍ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പടെ കേസിലെ നാല് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും.

എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി വിതരണക്കരാര്‍ ഒപ്പിടും മുമ്പ് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ത് കൊണ്ട് പരിഗണിച്ചില്ല എന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജ് ആര്‍ രഘു പിണറായി വിജയന്റെ അഭിഭാഷകനോട് ചോദിച്ചിരുന്നു. സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ട കാര്യവും കോടതി ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യങ്ങള്‍ ആരാഞ്ഞത്.

എന്നാല്‍ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിക്കും മുമ്പാണ് ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചെതെന്ന് പിണറായിയുടെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ കോടതിയില്‍ മറുപടി നല്‍കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പുനരുദ്ധാരണ പദ്ധതികള്‍ക്ക് പകരമല്ല മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഫണ്ട് ലഭ്യമാക്കിയതെന്ന് പിണറായിയുടെ അഭിഭാഷന്‍ കോടതിയില്‍ വാദിച്ചു.

1940 മുതല്‍ 1995 വരെ കനേഡിയന്‍ സര്‍ക്കാരും കേരളസര്‍ക്കാരും തമ്മില്‍ സംസ്ഥാനത്ത് നടപ്പാക്കിയ വിവിധപദ്ധതികളുടെ പ്രത്യുപകാരമാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററെന്നുമായിരുന്നു എംകെ ദാമോദരന്റെ വാദം. പിണറായി വിജയന്‍ രാജിവെച്ചശേഷം വന്ന തുടര്‍സര്‍ക്കാരുകളുടെ അനാസ്ഥ മുലമൂണ്ടായ നഷ്ടത്തിന് പിണറായി വിജയന്‍ എങ്ങനെ കുറ്റക്കാരനാകുമെന്നും അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. വാദം പറയാന്‍ പിണറായിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :