റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു; ദേവികുളത്ത് പുതിയ സബ്കളക്ടര്‍ വന്നതിനുശേഷം മാത്രം തീരുമാനമെന്ന് റവന്യൂ മന്ത്രി

ദേവികുളത്ത് പുതിയ സബ്കളക്ടര്‍ വന്നതിനുശേഷം മാത്രം തീരുമാനമെന്നും മന്ത്രി

Munnar Encroachment,  Sriram Venkitaraman,  Revenue Ministry, ഇ. ചന്ദ്രശേഖരൻ, മൂന്നാര്‍ കൈയേറ്റം, ശ്രീറാം വെങ്കിട്ടരാമന്‍
തൊടുപുഴ| സജിത്ത്| Last Updated: വെള്ളി, 14 ജൂലൈ 2017 (14:40 IST)
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി രൂപവത്കരിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ സംഘത്തിലെ അംഗങ്ങളെ സ്ഥലംമാറ്റിയ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട നിര്‍ദേശം റവന്യൂ മന്ത്രി ജില്ലാ ഭരണകൂടത്തിനു വാക്കാൽ നൽകുകയും ചെയ്തു. പുതിയ കലക്ടർ അധികാരമേറ്റെടുത്തു പ്രശ്നങ്ങൾ പഠിക്കുന്നതുവരെ പരിചയ സമ്പന്നരായ ഈ ഉദ്യോഗസ്ഥര്‍ തന്നെ തുടരട്ടെ എന്ന നിർദേശമാണു മന്ത്രി മുന്നോട്ടുവച്ചത്.

സര്‍വെ സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേരെയാണ് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്ഥലംമാറ്റിയിരുന്നത്. മൂന്നാറിലെ
കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുന്‍കൈ എടുത്ത ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നാലെയായിരുന്നു സംഘത്തിലുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ ദേവികുളത്ത് പുതിയ സബ്കളക്ടര്‍ വന്നതിനുശേഷം തീരുമാനം എടുക്കട്ടെയെന്ന പുതിയ നിര്‍ദേശമാണ് റവന്യുമന്ത്രി ഇപ്പോള്‍ മുന്നോട്ടുവച്ചത്.

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു മറ്റ് നാല് പേരെയും കളക്ടര്‍ സ്ഥലം മാറ്റിയത്. കയ്യേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെഡ് ക്ലര്‍ക്ക് ജി. ബാലചന്ദ്രപിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായാണ് നിയമിച്ചിരിക്കുന്നത്. കയ്യേറ്റം കണ്ടെത്തി പട്ടയം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേഗത കൂട്ടിയ ക്ലര്‍ക്കുമാരായ പി.കെ.സോമന്‍, പി.കെ.സിജു എന്നിവരെയും പിന്നീട് സ്ഥലം മാറ്റിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :