മലയാളത്തിലും ആദ്യമായി പെയ്ഡ് ചാനലുകള്‍

ചെന്നൈ| WEBDUNIA|
PRO
മലയാളി ആദ്യമായി കണ്ടു തുടങ്ങിയ ചാനലിനും പ്രത്യേക കാശ് കൊടുക്കേണ്ട അവസ്ഥയായി. മലയാളത്തിലെ ഏറെ ജനപ്രിയമായ രണ്ട് ചാനലുകള്‍ ഏപ്രില്‍ മാസത്തോടുകൂടി പെയ്ഡ് ചാനലാക്കുന്നതോടെയാണിത്. മലയാളത്തിലെ പ്രമുഖ ചാനലുകളായ സൂര്യയും കിരണുമാണ് പെയ്ഡ് ചാനലുകളാകുന്നത്.

സൂര്യയും കിരണും പെയ്ഡ് ചാനലാക്കാന്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രോഡ്‌കാസ്റ്റര്‍മാരിലൊന്നായ സണ്‍ നെറ്റ്വര്‍ക്ക് തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.

ടിവി ജനറല്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ് ചാനലും കിരണ്‍ ടിവി 24 മണിക്കൂര്‍ മ്യൂസിക് ചാനലുമാണ്. പെയ്ഡ് ചാനലാക്കുന്നതോടെ നോണ്‍-സി‌എ‌എസ് ഏരിയയില്‍ ഓരോ വരിക്കാരനും മാസത്തില്‍ 20.33 രൂപയും സി‌എ‌എസ് ഏരിയയില്‍ ഓരോ ചാനലിനും പ്രതിമാസം 5.35 രൂപയും ഈടാക്കും. 2007 വരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ചാനലുകളായിരുന്നു സൂര്യയും കിരണും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ചാനലുകള്‍ രണ്ടാം സ്ഥാനത്താണ്.

സണ്‍ നെറ്റ്വര്‍ക്കിന്‍റെ മൊത്തം വരുമാനത്തില്‍ 14-15 ശതമാനവും പെയ്ഡ് ചാനലുകള്‍ വഴിയാണ് ലഭിക്കുന്നത്. ഈ വര്‍ഷം ആരംഭത്തില്‍ കമ്പനി തങ്ങളുടെ തെലുങ്ക്, കന്നട, മലയാളം ചാനലുകളിലെ പരസ്യ നിരക്കും വര്‍ദ്ധിപ്പിച്ചിരുന്നു. സൂര്യ ടിവിയില്‍ അഞ്ച് ശതമാനം വര്‍ദ്ധനയാണ് പരസ്യ നിരക്കില്‍ വരുത്തിയത്. പുതിയ നീക്കത്തോടെ പരസ്യ വരുമാനത്തില്‍ 15-20 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

2006 മുതലാണ് സണ്‍ നെറ്റ്വര്‍ക്ക് ചാനലുകള്‍ ഓരോന്നായി പെയ്ഡ് സംവിധാനത്തിലേക്ക് മാറ്റിത്തുടങ്ങിയത്. നിലവില്‍ മൊത്തമുള്ള 20 ചാനലുകളില്‍ നാലെണ്ണം മാത്രമാണ് സൌജന്യമായി ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :