മലബാര്‍ സിമന്റ്‌സ് ജീവനക്കാരന്‍ സതീന്ദ്രകുമാറിന്റെ മരണം അന്വേഷിക്കും

കോയമ്പത്തൂര്‍: | WEBDUNIA|
PRO
PRO
മലബാര്‍ സിമന്റ്‌സ് ജീവനക്കാരനായിരുന്ന സതീന്ദ്രകുമാര്‍ കോയമ്പത്തൂരില്‍ ബസ്സിടിച്ച് മരിച്ച സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കോയമ്പത്തൂര്‍ എസ്പിക്കാണ് അന്വേഷണചുമതല. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 11 ഓടെ കോയമ്പത്തൂര്‍ ഉക്കടം ബസ്സ്റ്റാന്‍ഡിലായിരുന്നു സതീന്ദ്രകുമാറിന്റെ മരണത്തിനിടയാക്കിയ അപകടം. അഴിമതിക്കേസില്‍ സസ്‌പെന്‍ഷനിലായ മലബാര്‍ സിമന്റ്‌സ് എക്‌സിക്യുട്ടീവ് സെക്രട്ടറി പി സൂര്യനാരായണന്റെ സഹോദരനാണ് സതീന്ദ്രകുമാര്‍.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് വിജിലന്‍സിനും കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് സിബിഐക്കും ശക്തമായ തെളിവുകള്‍ നല്‍കിയതായി പറയപ്പെടുന്നയാളാണ് സതീന്ദ്രകുമാര്‍. ജോലികഴിഞ്ഞ് പീളമേട്ടിലെ വീട്ടിലേക്കുപോകാന്‍ ബസ്‌കാത്തുനില്‍ക്കുമ്പോള്‍ ദിശതെറ്റിച്ചുവന്ന എസ്പിഎസ്. ട്രാവല്‍സ് എന്ന സ്വകാര്യബസ് ഇടിച്ചായിരുന്നു മരണം. എന്നാല്‍ ഉക്കടംവഴി റൂട്ടില്ലാത്ത സ്വകാര്യബസ് രാത്രി 10.30നുശേഷം സ്റ്റാന്‍ഡിലെത്തിയത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിരുന്നു.

മലബാര്‍ സിമന്റ്‌സിലെ കേസുകളുമായി ബന്ധപ്പെട്ട് സിബിഐക്ക് സതീന്ദ്രകുമാര്‍ നല്‍കിയ മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദമുണ്ടായിരുന്നതായി ഭാര്യ ലക്ഷ്മിഭായി ആരോപിച്ചിരുന്നു. ഇതിനുവിസമ്മതിച്ച ഭര്‍ത്താവിന്റെ ജീവന് ഭീഷണിയുള്ളതായും അവര്‍ പറഞ്ഞിരുന്നു. സതീന്ദ്രനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് രാമദാസും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സതീന്ദ്രകുമാറിന്റെ മരണത്തെക്കുറിച്ച് സിബിഐ. അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കവേയാണ് തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :