തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:06 IST)
ബിവറേജെസ് കോര്പറേഷന് ജീവനക്കാർക്ക് ഓണത്തിനു വൻതുക ബോണസ് നൽകുന്നത് കുറയ്ക്കണമെന്ന ധനവകുപ്പിന്റെ നിർദേശം ഇത്തവണ നടപ്പാകില്ല. നേരത്തെയുള്ള തീരുമാനം ഇത്തവണ മാറ്റേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈക്കൊണ്ടത്. മാത്രമല്ല ബിവറേജസ് കോർപറേഷനില്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് അടുത്തവര്‍ഷം മുതല്‍ ബോണസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലേറെ പേരാണ് ബെവ്കോയില്‍ ഡപ്യൂട്ടേഷന്റെ പേരില്‍ കയറിക്കൂടാന്‍ ശ്രമിച്ചത്. ഓണവുമായി ബന്ധപ്പെട്ട് ബവ്കോയില്‍ ഓണം സ്പെഷ്യല്‍ ഡപ്യൂട്ടേഷന് ഇല്ല എന്ന് ഇന്നലെ തീരുമാനിച്ചിരുന്നതിനു പിന്നാലെയാണ് ബോണസിലും തീരുമാനമായത്. ഓണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വന്‍തുക മാത്രം ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ചിലരുടെ ശ്രമമാണ് ഡെപ്യൂട്ടേഷന് പിന്നിലെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഈ തീരുമാനം.
ബെവ്കോയിലെ ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ 600 ഓളം ഒഴിവുകളുണ്ടെന്നാണ് സൂചന. എന്നാല്‍ 140 ഒഴിവുകള്‍ മാത്രമാണ് ഇതുവരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു 85,000 രൂപവരെ ബോണസ് നൽകുന്നതു നിരുത്തരവാദിത്വമാണെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ വൻതുക ബോണസ് നൽകുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു