ബാലു വധക്കേസ്: എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി| WEBDUNIA|
വണ്ടിപ്പെരിയാര്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്‍റും, ഐ എന്‍ ടി യു സി നേതാവുമായ എം ബാലുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു സി പി എം പ്രവര്‍ത്തകരെ ജീവപര്യന്തം കഠിന തടവിന്‌ ശിക്ഷിച്ചു. എറണാകുളം സെഷന്‍സ്‌ കോടതിയാണ് ശിക്ഷ വിധിച്ചത്. ഓരോ പ്രതിയില്‍ നിന്നും 25,000 രൂപ വീതം ഈടാക്കി ബാലുവിന്‍റെ അമ്മയ്ക്ക്‌ നല്‍കണം.

കേസിലെ ഒന്നാം പ്രതിയും ഡി വൈ എഫ്‌ ഐ നേതാവുമായ മേലഴുത തെക്കേതില്‍ സാബു (39), മൂന്നുമുതല്‍ ഒമ്പതുവരെ പ്രതികളായ വടക്കേതില്‍ പിലാവീട്ടില്‍ വിനോദ്‌ (37), മേലഴുത കുറ്റിക്കാട്ടില്‍ അജിത്‌ (36), മഞ്ഞുമല കോനക്കല്‍ മോഹനന്‍ (47), മഞ്ഞുമല കോനക്കല്‍ അജയഘോഷ്‌ (38), വാഴപ്പറമ്പില്‍ ബെന്നി (40), കുമളി പറത്തുമുറി തുണ്ടിയില്‍ രാജപ്പന്‍ (46), വണ്ടിപ്പെരിയാര്‍ ആര്‍ ബി ടി എസ്റ്റേറ്റ്‌ മുപ്പത്തിയഞ്ചാം ലൈനില്‍ ബിജു (35) എന്നിവര്‍ കുറ്റക്കാരാണെന്ന്‌ ജഡ്ജി ഡി പാപ്പച്ചന്‍ ഇന്നലെ കണ്ടെത്തിയിരുന്നു.

പ്രതികള്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി പരമാവധി ശിക്ഷയ്ക്ക്‌ പ്രതികള്‍ അര്‍ഹരാണെന്ന് പ്രസ്താവിച്ചു‌. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക്‌ അയയ്ക്കാനും കോടതി ഉത്തരവിട്ടു.

2004 ഒക്ടോബര്‍ ഇരുപതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടേകാലിന് തൊഴിലാളികളുടെ ഒരു യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടുനില്‍ക്കുകയായിരുന്ന ബാലുവിനെ അക്രമികള്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :