ഫോൺ സൈലന്റ് മോഡിൽ ഇട്ട് കിടന്നു, അമ്മ വിളിച്ചതറിഞ്ഞില്ല; ഉറക്കത്തിൽ നിന്നും ഒമ്പതാം ക്ലാസുകാരനെ വിളിച്ചുണർത്തിയത് ഫയർഫോഴ്സ് !

Last Modified ഞായര്‍, 23 ജൂണ്‍ 2019 (12:51 IST)
ഫോൺ സൈലന്റ് മോഡിലിട്ട് കിടന്നുറങ്ങിയ ഒൻപതാം ക്ലാസുകാരനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് ഫയർഫോഴ്സ്. കടവന്ത്രയിലെ ശാന്തി വിഹാര്‍ അപ്പാര്‍ട്ട്മെന്റ്സിലെ ഒരു ഫ്ളാറ്റിലാണു സംഭവം. ഒരു സിനിമാക്കഥ പോലെയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

രാവിലെ ജോലിക്കു പോയ ഡോക്ടറായ അമ്മ ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്ന മകനെ ഫോണില്‍ വിളിച്ചതാണു സംഭവങ്ങളുടെ തുടക്കം. ഫ്ളാറ്റിന്റെ മുന്‍വാതില്‍ അകത്തുനിന്നു പൂട്ടിയിട്ടാണ് പതിനാലുകാരന്‍ ഉറങ്ങാന്‍ കിടന്നത്. അമ്മ തുടർച്ചയായി വിളിച്ചെങ്കിലും മൊബൈൽ സൈലന്റ് മോഡിൽ ആയിരുന്നതിനാൽ മകൻ ഇതൊന്നുമറിഞ്ഞില്ല.

ഏതായാലും കുറെ വിളിച്ചിട്ടും മകൻ ഫോൺ എടുക്കാതായതോടെ അമ്മയ്ക്ക് ടെൻഷനായി. അവര്‍ അറിയിച്ചതനുസരിച്ച് അടുത്തുള്ള ബന്ധു എത്തി വാതിലില്‍ തട്ടിവിളിച്ചു. എന്നിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉടന്‍ ഫയർ എൻ‌ജിൻ സംഭവസ്ഥലത്തെത്തി.

മൂന്നാം നിലയിലുള്ള ഫ്ളാറ്റിന്റെ പിന്നിലെ ബാല്‍ക്കണിയിലേക്ക് ഏണി വച്ച് ഉദ്യോഗസ്ഥര്‍ കയറി. ഇവിടെയുള്ള വാതില്‍ പൂട്ടിയിരുന്നില്ല. ഫ്ളാറ്റിനുള്ളിലേക്കു കടന്ന് നോക്കിയപ്പോള്‍ അകത്തെ മുറിയില്‍ പയ്യന്‍ പുറത്തുനടന്ന ബഹളമൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. ഉറക്കത്തിലായിരുന്നു കുട്ടിയെ വിളിച്ചുണര്‍ത്തിയപ്പോള്‍ ചുറ്റും യൂണിഫോമിട്ട ഉദ്യോഗസ്ഥരെ കണ്ട് കുട്ടിക്ക് അമ്പരപ്പ്. കാര്യം അറിയിച്ച് ഉദ്യോഗസ്ഥർ തിരിച്ച് മടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :