ഫോണ്‍ ചോര്‍ത്തലില്‍ സംക്ഷിപ്ത വിവരം നല്‍കണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കണം. പത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സിബിഐ, എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിങ്ങനെ 10 രഹസ്യാന്വേഷണ ഏജന്‍സികളോടാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ജൂലൈ മാസം മുതലുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്. ചോര്‍ത്തുന്ന രഹസ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉപകരിച്ചിട്ടുണ്ടോ, ചോര്‍ത്തിയിട്ട് ഉപകരിക്കാത്ത സംഭാഷണങ്ങള്‍ ഏതെല്ലാം എന്നിവയെല്ലാം ഫോണ്‍ നമ്പര്‍ സഹിതം വിശദീകരിക്കണം. നിലവില്‍ 10 അന്വേഷണ ഏജന്‍സികള്‍ക്കാണ് ഫോണ്‍ ചോര്‍ത്താന്‍ അവകാശം. എന്നാല്‍ പ്രതിമാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അന്വേഷണത്തിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നാണ് സിബിഐയുടെയും എന്‍ഐഎയുടെയും നിലപാട്.
നീര റാഡിയ ടേപ്പ് ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദമായ സാഹചര്യത്തിലാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സംക്ഷിപ്ത വിവരം നല്കാന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ആഗസ്ത് ആറിന് ടോപ് സീക്രട്ട് എന്ന തലക്കെട്ടില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജന്‍സികള്‍ക്ക് കത്ത് കൈമാറുകയായിരുന്നു.