തിരുവനന്തപുരം|
Joys Joy|
Last Modified വ്യാഴം, 29 ജനുവരി 2015 (08:00 IST)
കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണ പിള്ളയും പി സി ജോര്‍ജും വേണമെങ്കില്‍ സ്വയം പുറത്തു പോകട്ടെയെന്ന് യു ഡി എഫ് യോഗത്തില്‍ തീരുമാനം. ഇരുവരെയും തല്ക്കാലം പുറത്താക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി. പിള്ളയുടെയും ജോര്‍ജിന്റെയും നിലപാടുകള്‍ അപലപനീയമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു യോഗത്തിന്റെ പൊതുനിലപാട്.
മുന്നണിയുമായി സഹകരിച്ച് പോകാന്‍ കഴിയുമെങ്കില്‍ ഒപ്പം നില്ക്കാം. തങ്ങളായിട്ട് ആരെയും പുറത്തു കളയില്ല. സഹകരിച്ചു പോകാനാണെങ്കില്‍ ഒരുമിച്ചു നില്ക്കാം. ഇല്ലെങ്കില്‍ സ്വയം പുറത്തുപോകാമെന്നും യോഗം നിലപാട് വ്യക്തമാക്കി. മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. ആരോപണം ഉന്നയിച്ചയാള്‍ പലപ്പോഴും പലതാണ് പറയുന്നതെന്നും ആദ്യം സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിള്ളയുടെയും ജോര്‍ജിന്റെയും പ്രസ്താവനകള്‍ അപലപനീയമാണ്. പിള്ളയുടെ ആരോപണങ്ങളില്‍ അതൃപ്തിയുണ്ട്. എന്നാല്‍ , മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഒരവസരം കൂടി നല്‍കുകയാണ്. സര്‍ക്കാര്‍ ചീഫ് വിപ്പ് ആണ് പി സി ജോര്‍ജ് എന്നാല്‍ ജോര്‍ജ് പലപ്പോഴും പ്രസ്താവനകള്‍ നടത്തി മുന്നണിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടി, വി എം സുധീരന് , പി പി തങ്കച്ചന് എന്നിവര്‍ ജോര്‍ജുമായി സംസാരിച്ചു.