ജോസ് കെ മാണി പിഞ്ചില; മന്ത്രിയാകാന്‍ മൂത്തുപഴുത്ത നേതാക്കള്‍ വേറെയുണ്ട്

കോട്ടയം| Joys Joy| Last Updated: ശനി, 24 ജനുവരി 2015 (14:48 IST)
പാര്‍ട്ടിയില്‍ മന്ത്രിമാരാകാന്‍ മൂത്തുപഴുത്ത നേതാക്കള്‍ വേറെയുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. ജോസ് കെ മാണി പിഞ്ചിലയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി മാന്ത്രിയാകേണ്ട. അദ്ദേഹത്തെ മന്ത്രിയാക്കുന്നത് മാന്യതയല്ല. എം എല്‍ എ അല്ലാത്തൊരാളെ മന്ത്രിയാക്കേണ്ട കാര്യമില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

കെ എം മാണിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മാണിക്കെതിരായ ആരോപണങ്ങളെ പുച്‌ഛത്തോടെ തള്ളുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാമെന്ന് പറഞ്ഞല്ല താന്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കേരള കോണ്‍ഗ്രസ് ആരുടെയും കുടുംബസ്വത്തല്ല. കേരള കോണ്‍ഗ്രസില്‍ തനിക്ക് ഗോഡ് ഫാദര്‍മാര്‍ ഇല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

മൂത്ത് പഴുത്ത് സുന്ദരമായി നില്‍ക്കുന്ന സി എഫ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഉള്ളപ്പോള്‍ ജോസ് കെ മാണി മന്ത്രിയാകേണ്ട കാര്യമില്ല. സി എഫ് തോമസ്, റോഷി അഗസ്റ്റിന്‍ തുടങ്ങി ആവശ്യത്തിന് എം എല്‍ എമാര്‍ പാര്‍ട്ടിയില്‍ ഉണ്ട്.

മാണി ബജറ്റ് അവതരിപ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്പം വളഞ്ഞായിരുന്നു പി സിയുടെ മറുപടി.
രണ്ടുമാസം കഴിഞ്ഞുള്ള ബജറ്റ് അവതരണം കാണാന്‍ നമ്മള്‍ ഉണ്ടാകും എന്ന് ഉറപ്പുണ്ടോ? അത്രയും ഉറപ്പ് മാത്രമേ കെ എം മാണിയുടെ കാര്യത്തിലും ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :