പിണറായിയുടെ പ്രസംഗത്തില്‍ മമ്മൂട്ടിയും ഷാഹിനയും

മലപ്പുറം| WEBDUNIA|
PRO
മുസ്ലീം പേരുള്ളവരെ അപകടകാരികളായി ചിത്രീകരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ സംസ്കാരം ഇന്ത്യയിലേക്കും വന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകളാണ് സിനിമാതാരമായ മമ്മൂട്ടിയെ അവഹേളിച്ചതും മാധ്യമപ്രവര്‍ത്തകയായ ഷാഹിനയെ കള്ളക്കേസില്‍ കുടുക്കുന്നതും എന്ന് പിണറായി വിജയന്‍. മലപ്പുറത്ത്‌ ‘ന്യൂനപക്ഷ മുസ്ലിംകളും ഇടതുപക്ഷസര്‍ക്കാരും’ ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“അമേരിക്കന്‍ സാമ്രാജ്യത്വം മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുകയാണ്‌. ഇതിനായി അവര്‍ വന്‍തോതില്‍ മാധ്യമങ്ങളെ കൈയിലെടുക്കുന്നു. ഈ സംസ്കാരം മെല്ലെമെല്ലെ നമ്മുടെ നാട്ടിലേക്കും വരുന്നുവെന്നതാണു മമ്മൂട്ടി, ഷാറൂഖ്ഖാന്‍, കമലഹാസന്‍ എന്നിവര്‍ക്കു നേരിട്ട അവഹേളനം തെളിയിക്കുന്നത്‌. മുസ്ലീം പേരുകള്‍ ഉള്ളതുകൊണ്ടാണ് ഇവര്‍ അവഹേളിക്കപ്പെട്ടത്. ഏറ്റവുമൊടുവില്‍ ഷാഹിന എന്ന മാധ്യമപ്രവര്‍ത്തകയില്‍ എത്തിനില്‍ക്കുന്നു ഈ അപകടകരമായ പ്രവണത.”

“മുസ്ലിംകളെ അപകടകാരികളായി ചിത്രീകരിക്കാനുള്ള ശ്രമത്തിനായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ തങ്ങളുടെ ഉദ്യോഗസ്ഥരായ മൂവായിരം പേരെ നിയോഗിച്ചിട്ടുണ്ട്‌. ആയിരത്തോളം പേരെ കരാര്‍വ്യവസ്ഥയിലും വച്ചിട്ടുണ്ട്‌. ഇവരെയെല്ലാം സിഐഎ ഉദ്ദേശിക്കുന്ന കാര്യത്തിന്‌ ഇറക്കാറാണ്‌ പതിവ്‌. ഭീകരവാദം അമേരിക്കയുടെ സൃഷ്ടിയാണ്‌. ബിന്‍ലാദിനെയടക്കം വളര്‍ത്തിയത്‌ അമേരിക്കയാണ്‌.”

“മതവിശ്വാസി വര്‍ഗീയവാദിയല്ല. വര്‍ഗീയവാദികള്‍ക്ക്‌ രാഷ്ട്രീയലക്‌ഷ്യങ്ങളാണുള്ളത്‌. വലതുപക്ഷ രാഷ്ട്രീയത്തിന്‌ കുറുക്കുവഴി സ്വീകരിക്കാനാണു താല്‍പ്പര്യം. എന്നാല്‍ ഇടതുപക്ഷം നാലു വോട്ടിന്‌ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല. പണക്കാരുടെ താല്‍‌പര്യം സംരക്ഷിക്കാനുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്‌. സാധാരണ മുസ്ലീമിന്റെ താല്‍പ്പര്യം അവര്‍ക്കു സംരക്ഷിക്കാനാവുന്നില്ല. യു.ഡി.എഫിന്റെ ജീര്‍ണതകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഇതു തിരിച്ചറിയാന്‍ ജനത്തിന് കഴിയുന്നുമുണ്ട്.‌”

“തെമ്മാടിരാഷ്ട്രമായ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനാണ്‌ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണു സംഘപരിവാര സംഘടനകളുടെ ശ്രമം. ഏതെങ്കിലുമൊരു വിഭാഗം സ്വയം ശക്തിപ്പെടുന്നത്‌ ആത്മഹത്യാപരമാണ്. മതനിരപേക്ഷതയാണ്‌ ശക്തിപ്പെടേണ്ടത്. കമ്മ്യൂണിസം മതത്തിനെതിരാണെന്ന തെറ്റിദ്ധാരണ പരത്താന്‍ എല്ലാകാലത്തും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു തരത്തിലും മതത്തെ എതിര്‍ക്കുന്ന നിലപാട്‌ സ്വീകരിച്ചിട്ടില്ല. മതവിശ്വാസത്തെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുമുണ്ട്” - പിണറായി വിജയന്‍ പറഞ്ഞു.

പിണറായി വിജയന്റെ മലപ്പുറം പ്രസംഗം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കുള്ള ഔദ്യോഗിക തുടക്കം കുറിക്കലായിട്ടാണ് രാഷ്ട്രീയ വിദഗ്ധര്‍ കണക്കാക്കുന്നത്. ഇടതുപക്ഷ ഭരണത്തിന്റെ മതനിരപേക്ഷത ന്യൂനപക്ഷത്തെ അറിയിക്കുന്ന രീതിയിലായിരുന്നു പിണറായിയുടെ പ്രസംഗം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്‌ എക്കാലവും മുന്നില്‍ നിന്ന മലപ്പുറത്തിന്റെ പഴയ കാല ചരിത്രങ്ങളെ ഓര്‍മിപ്പിച്ചാണ്‌ പിണറായി പ്രസംഗം അവസാനിപ്പിച്ചത്‌. കണ്‍വന്‍ഷനില്‍ ടികെ ഹംസ അധ്യക്ഷനായിരുന്നു. എ വിജയരാഘവന്‍, മന്ത്രി എളമരം കരീം, പി ശ്രീരാമകൃഷ്ണന്‍ എന്നിവരും പ്രസംഗിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :