പിണറായിക്കെതിരെ മത്സരിക്കാന്‍ രമയില്ല, വടകരയില്‍ ജയിച്ചുകയറാന്‍ പദ്ധതി, പിണറായിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും

കെ കെ രമ വടകരയില്‍ സ്ഥാനാര്‍ത്ഥി

കോഴിക്കോട്| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (09:12 IST)
പിണറായി വിജയനെതിരെ ആര്‍ എം പി നേതാവ് കെ കെ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കെ കെ രമ വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥിയാകും. ധര്‍മ്മടത്ത് പിണറായിക്കെതിരെ രമ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ആര്‍ എം പിയുടെ നിര്‍ണായക തീരുമാനം.

പിണറായിക്കും കെ കെ ലതികയ്ക്കുമെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ആര്‍ എം പി തീരുമാനിച്ചിട്ടുണ്ട്. പിണറായി വിജയന്‍ എവിടെ സ്ഥാനാര്‍ത്ഥിയായാലും അവിടെ മത്സരിക്കാന്‍ രമ എത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രചരണം. എന്നാല്‍ പിണറായി ധര്‍മ്മടത്ത് മത്സരിക്കുമെന്ന് ഉറപ്പായതോടെ ആര്‍ എം പി നിലപാട് മാറ്റുകയായിരുന്നു.

പിണറായിക്കെതിരെ ധര്‍മ്മടത്തും കെ കെ ലതികയ്ക്കെതിരെ കുറ്റിയാടിയിലും ആര്‍ എം പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീനമുള്ള വടകരയില്‍ നിന്ന് ജയിച്ചുകയറാമെന്ന് തന്നെയാണ് രമ പ്രതീക്ഷിക്കുന്നത്. അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടം തന്നെയായിരിക്കും ആര്‍ എം പി തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുക.

രണ്ടുമുന്നണികളിലെയും ജനതാ സ്ഥാനാര്‍ത്ഥികളായിരിക്കും വടകരയില്‍ രമയ്ക്ക് എതിരാളികള്‍. ടി പി ചന്ദ്രശേഖരന്‍റെ ഓര്‍മ്മകളും സ്ത്രീയാണെന്ന പരിഗണനയും മുന്നണികള്‍ക്കതീതമായി രമയ്ക്ക് വോട്ട് ലഭിക്കാന്‍ കാരണമാകുമെന്നാണ് ആര്‍ എം പി വിലയിരുത്തുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :