‘മലയാളത്തിന്‍റെ മണിനാദം നിലച്ചു’, കലാഭവന്‍ മണി ഇനി ഓര്‍മ്മ, അന്ത്യാഞ്ജലി അര്‍പ്പിച്ചത് പതിനായിരങ്ങള്‍

Kalabhavan Mani, Mani, Death, Chalakkudi, Pinarayi, Mohanlal, കലാഭവന്‍ മണി, മണി, മരണം, മമ്മൂട്ടി, ചാലക്കുടി, പിണറായി, മോഹന്‍ലാല്‍
തൃശൂര്‍| Last Updated: തിങ്കള്‍, 7 മാര്‍ച്ച് 2016 (17:32 IST)
മലയാളത്തിന്‍റെ മണിനാദം നിലച്ചു. നടന്‍ കലാഭവന്‍ മണി ഇനി ഓര്‍മ്മ. ഞായറാഴ്ച അന്തരിച്ച കലാഭവന്‍ മണിയുടെ സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ചാലക്കുടിയിലെ വീട്ടുവളപ്പില്‍ നടന്നു. സമൂഹത്തിന്‍റെ വിവിധ തുറകളില്‍പ്പെട്ട പതിനായിരക്കണക്കിന് ജനങ്ങളാണ് മണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു യാത്രയയപ്പാണ് മലയാളത്തിന്‍റെ പ്രിയനടന് ചാലക്കുടിയിലെ ജനങ്ങള്‍ നല്‍കിയത്. പൊലീസിന് പലപ്പോഴും നിയന്ത്രിക്കാനാവാത്ത ജനബാഹുല്യമാണ് മണിയുടെ വീടിന് ചുറ്റും ഉണ്ടായിരുന്നത്. പ്രമുഖരടക്കം പലര്‍ക്കും മണിയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാന്‍ പോലും കഴിയാത്തത്ര ജനത്തിരക്കാണുണ്ടായിരുന്നത്.

മണിയുടെ വീടിന്‍റെ ഗേറ്റ് പൂട്ടിയെങ്കിലും റോഡിലും പരിസരത്തും അയല്‍‌വീടുകളുടെ മുകളിലും മരങ്ങളിലും വരെ ആളുകള്‍ തിങ്ങിനിന്ന് തങ്ങളുടെ പ്രിയനടനെ അവസാനമായി കാണാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു. ജോഷി, കമല്‍, വിനയന്‍, സിബി മലയില്‍, റാഫി, ഷാഫി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ മണിയെ അവസാനമായി ഒന്നുകാണാന്‍ എത്തിയെങ്കിലും ജനത്തിരക്ക് കാരണം കഴിഞ്ഞില്ല.

കലാഭവന്‍ മണി എന്ന നടനെ ചാലക്കുടിക്കാര്‍ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്‍റെ സാക്‍ഷ്യപ്പെടുത്തല്‍ കൂടിയായി അദ്ദേഹത്തിന്‍റെ സംസ്കാരത്തിനായി എത്തിയ ജനക്കൂട്ടം. അവിടെ എത്തിയ ഓരോരുത്തരും ഒരു ചലച്ചിത്രതാരത്തിന്‍റെ വിയോഗവാര്‍ത്തയറിഞ്ഞ് വന്നവരായിരുന്നില്ല. അവരുടെ പ്രിയപ്പെട്ട മണി യാത്രയായതറിഞ്ഞ് കരയുന്ന മനസുമായി തടിച്ചുകൂടിയവരാണ്. അവരില്‍ ഓരോരുത്തര്‍ക്കും മണിയെക്കുറിച്ച് നല്ല നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കാനുണ്ടായിരുന്നു.

തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടനായിരിക്കുമ്പോഴും ചാലക്കുടിയിലെ ഏറ്റവും സാധാരണക്കാരനായി ജീവിക്കാന്‍ കലാഭവന്‍ മണിക്ക് കഴിഞ്ഞിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് തനിക്കരുകില്‍ എത്തിയ ആരെയും മണി വെറും‌കൈയോടെ മടക്കി അയച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ്, സ്വന്തം വീട്ടിലെ ഒരംഗം വിടവാങ്ങിയാലെന്ന പോലെ, അത്രയും വേദനനിറഞ്ഞ ഹൃദയവുമായി ഇത്രയേറെ ജനങ്ങള്‍ മണിയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

എന്തായാലും മലയാളത്തിന്‍റെ ആ മണിനാദം നിലച്ചിരിക്കുന്നു. ‘ങ്യാഹഹഹ’ എന്ന ആ പ്രത്യേകതയുള്ള ചിരി ഒരിക്കലും ആരുടെയും ഉള്ളില്‍ നിന്ന് മായില്ല. ആ നാടന്‍‌പാട്ടുകളും ആ അഭിനയക്കരുത്തില്‍ ഉയിര്‍ക്കൊണ്ട കഥാപാത്രങ്ങളും മണിക്കുവേണ്ടി അനശ്വരമായി ജീവിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :