പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിച്ചിരിക്കും: ജോസഫ്

കോട്ടയം| WEBDUNIA|
PRO
ആരെതിര്‍ത്താലും പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ തൊടുപുഴയില്‍ മത്സരിച്ചിരിക്കും എന്ന് കോണ്‍ഗ്രസ്‌ നേതാവ്‌ പിജെ ജോസഫ്‌. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പിജെ ജോസഫ്‌ മത്സരിക്കുമെന്ന്‌ മാണി അസന്നിഗ്ധമായി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചയുടന്‍ തൊടുപുഴ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലും കുറുവടിയും ഉപയോഗിച്ച് കേരള കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ച സാഹചര്യത്തിലാണ് പിജെ ജോസഫ് ഇത്തരത്തില്‍ കോട്ടയത്ത് പ്രതികരിച്ചത്.

“പാര്‍ട്ടി തീരുമാനിച്ചാല്‍ തൊടുപുഴയില്‍ ഞാന്‍ മത്സരിച്ചിരിക്കും. അതിനൊരു സംശയവും വേണ്ട. തൊടുപുഴയില്‍ ശനിയാഴ്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്‌ ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഞാന്‍ കരുതുന്നത്. ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു.”

“അഭിപ്രായങ്ങള്‍ പറയാനും ജാഥകള്‍ നടത്താനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് എല്ലാവരും മനസിലാക്കിയാല്‍ നന്ന്‌. ഇന്നലെ നടന്ന ആക്രമങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്ന്‌ ഞാന്‍ കരുതുന്നില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ്‌ ഇന്നലെ നടന്ന ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍” - ജോസഫ്‌ പറഞ്ഞു.

അതിനിടെ, യൂത്ത് കോണ്‍‌ഗ്രസുകാരെ കയറൂരിവിട്ട് കേരള കോണ്‍ഗ്രസുകാരെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ‌എം മാണി മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ നിന്ന്‌ കൊച്ചി വിമാനത്താവളത്തിലെത്തിയ തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.

ഇന്നലെ രാത്രിയാണ് തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. കെ‌എം മാണിയെ യൂദാസിനോട് ഉപമിച്ച് മുദ്രാവാക്യം മുഴക്കി തൊടുപുഴ നഗരത്തില്‍ പ്രകടനം നടത്തിയ യൂത്ത് കോണ്‍‌ഗ്രസ് പ്രവര്‍ത്തകരെ കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ തൊടുപുഴ നഗരം യുദ്ധക്കളമായി മാറുകയായിരുന്നു.

കുറുവടികളും കല്ലുമായി യൂത്ത് കോണ്‍‌ഗ്രസുകാരും കേരള കോണ്‍‌ഗ്രസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ ചില യൂത്ത് കോണ്‍‌ഗ്രസുകാര്‍ കേരള കോണ്‍ഗ്രസിന്റെ ഓഫീസിലേക്ക്‌ കല്ലെറിയുകയും ഓഫീസിലേക്ക് പാഞ്ഞുകയറി നേതാക്കന്‍മാരെ തെരഞ്ഞുപിടിച്ച്‌ മര്‍ദ്ദിക്കുകയും ചെയ്‌തു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസുകാരനെയും പ്രതിഷേധക്കാര്‍ വെറുതെ വിട്ടില്ല. പൊലീസുകാരനും കിട്ടി പൊതിരെ തല്ല്. മര്‍ദ്ദനം സഹിക്കാതായപ്പോള്‍ പൊലീസുകാരന്‍ ഓടിപ്പോവുകയാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :