നീതിസൂര്യന് വിട

കൃഷ്ണയ്യര്‍, ഇ എം എസ്, ചെന്നിത്തല, നീതി, സൂര്യന്‍, കോടതി, ജസ്റ്റിസ്
Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (19:28 IST)
ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പുത്രന് ആദരപൂര്‍വം മടക്കയാത്ര. അന്തരിച്ച നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ ജസ്റ്റിസ് വി‌ ആര്‍ കൃഷ്ണയ്യരുടെ സംസ്കാരം രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. നീതിയുടെ ഒരിക്കലും മായാത്ത സൂര്യതേജസിന് അവസാനമായി യാത്രപറയാന്‍ രവിപുരം ശ്മശാനത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കൃഷ്ണയ്യരുടെ രണ്ടുമക്കളും ചെറുമകനും എത്തിച്ചേര്‍ന്നിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ രണ്ടു വരെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വി ആര്‍ കൃഷ്ണയ്യരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങള്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിച്ചേര്‍ന്നു. രാജീവ്ഗാന്ധി വധക്കേസില്‍ നീതികാത്തുകഴിയുന്ന പേരറിവാളന്‍റെ മാതാവും കൃഷ്ണയ്യര്‍ക്ക് യാത്രാമൊഴി നല്‍കാന്‍ എത്തിയിരുന്നു.

കൃഷ്ണയ്യരുടെ വിയോഗത്തെത്തുടര്‍ന്ന്
ഹൈക്കോടതി അടക്കം സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും ട്രൈബ്യൂണലുകള്‍ക്കും വെള്ളിയാഴ്ച അവധി നല്‍കിയിരുന്നു. കൊച്ചിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫിസിനും അവധിയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും(കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് നീതിയുടെ ദിവ്യജ്യോതിസായ വി ആർ കൃഷ്ണയ്യർ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നവംബര്‍ 24നാണ് കൃഷ്ണയ്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തിന്‍റെ നില ഗുരുതരമായിരുന്നു.

വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി ആര്‍ കൃഷ്ണയ്യര്‍ ഏവര്‍ക്കും പ്രിയപ്പെട്ട 'സ്വാമി' ആയിരുന്നു. കൊച്ചിയിലെ ജനത അദ്ദേഹത്തെ കണ്ടിരുന്നത് തങ്ങളുടെ കാരണവരായാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു എന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ നടുങ്ങിനില്‍ക്കുകയാണ് മലയാളികള്‍. കാരണം, ഇക്കഴിഞ്ഞ നവം‌ബര്‍ 13 മുതല്‍ 16 വരെ അദ്ദേഹത്തിന്‍റെ നൂറാം ജന്‍‌മദിനാഘോഷത്തില്‍ കേരളം പങ്കുചേര്‍ന്നതാണ്. ആഘോഷങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് അദ്ദേഹം ഈ ലോകത്തുനിന്ന് വിടവാങ്ങിയിരിക്കുന്നത്. പൂര്‍ണനായ മനുഷ്യന്‍ എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കുന്നു എങ്കില്‍ അതിന് ഏറ്റവും അര്‍ഹനായിരുന്നു സ്വാമി.

സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയസ്ഥാനമായിരുന്നു എന്നും വി ആര്‍ കൃഷ്ണയ്യര്‍. ജനാധിപത്യത്തിന്‍റെ നാല് പ്രധാന മേഖലകളിലും കൃഷ്ണയ്യര്‍ വിളങ്ങിനിന്നു. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെടുന്ന ജനപ്രതിനിധിയായിരുന്നു അദ്ദേഹം. കഴിവുറ്റ ഭരണാധികാരി എന്ന് മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ പേരെടുത്തു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നീതിയുടെ പ്രതിബിംബമായി തിളങ്ങി. മാധ്യമരംഗങ്ങത്തും മരണം വരെ നിറഞ്ഞുനിന്നു. നൂറുകണക്കിന് പുസ്തകങ്ങളാണ് വി ആര്‍ കൃഷ്ണയ്യര്‍ രചിച്ചത്.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയില്‍ ആഭ്യന്തരവും നിയമവും ഉള്‍പ്പടെ ആറ് സുപ്രധാന വകുപ്പുകളാണ് കൃഷ്ണയ്യര്‍ കൈകാര്യം ചെയ്തത്. എല്ലാവര്‍ക്കും വഴികാട്ടിയായ മനുഷ്യനായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ജനപക്ഷത്തുനിന്ന് പ്രതികരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു സ്വാമി.

ജയില്‍ പരിഷ്കരണ നിയമങ്ങള്‍ പൊളിച്ചെഴുതിയത് വി ആര്‍ കൃഷ്ണയ്യര്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്. സാധാരണക്കാര്‍ക്ക് നീതി വൈകരുത് എന്ന് എക്കാലത്തും നിര്‍ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയ്ക്ക് കാരണമായെന്ന് പറയപ്പെടുന്ന വിധിന്യായമുള്‍പ്പടെ രാജ്യം എന്നും ഓര്‍ക്കുന്ന ഒട്ടേറെ വിധിപ്രഖ്യാപനങ്ങള്‍ കൃഷ്ണയ്യര്‍ നടത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് - ടി വി ന്യൂ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :