നരേന്ദ്രമോഡി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം| WEBDUNIA|
PTI
PTI
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപി ഭാരവാഹിയോഗത്തിലും അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിലും പങ്കെടുക്കാനാണ് മോഡി എത്തുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് മോഡി കേരളത്തിലെത്തുന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന മോഡി 7 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ബിജെപിയുടെ ഭാരവാഹിയോഗത്തില്‍ പങ്കെടുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ സംസ്ഥാനത്തെ ഒരുക്കങ്ങളും നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നാളെ രാവിലെ 6.45 ന് മോഡി പദ്മനാഭാസ്വാമീക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോഡി കവടിയാര്‍ കൊട്ടാരത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയെ സന്ദര്‍ശിക്കുന്നുണ്ട്.

അവിടെ നിന്നും പിന്നീട് അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലം വള്ളിക്കാവിലേക്ക് പോകും. ആശ്രമം മൈതാനത്തിലിറങ്ങുന്ന മോഡി റോഡ് മാര്‍ഗം വള്ളിക്കാവിലേക്ക് പോകും.

ഉച്ചതിരിഞ്ഞ് രണ്ട് മുപ്പതിന് തിരുവനന്തപുരത്ത് നിന്നും വിമാനമാര്‍ഗം രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി മടങ്ങും. നരേന്ദ്രമോഡിയ്ക്കുള്ള വിശ്രമം ഒരുക്കിയിരിക്കുന്നത് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :