ദര്‍ശനസായൂജ്യം നേടി ഭക്തലക്ഷങ്ങള്‍

പത്തനംതിട്ട| PRATHAPA CHANDRAN|
PRO
വ്രതശുദ്ധിയില്‍ ഭക്തര്‍ക്ക്‌ മോക്ഷപ്രാപ്തിയുടെ ദിവ്യാനുഭൂതി പകര്‍ന്ന് കിഴക്കന്‍ ചക്രവാളത്തില്‍ ദിവ്യനക്ഷത്രം തെളിഞ്ഞു. മകര സംക്രമസന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ ദിവ്യജ്യോതിസ്സ് പ്രത്യക്ഷപ്പെട്ടതോടെ കലിയുഗവരദന്‍റെ കാരുണ്യം തേടി കല്ലും മുള്ളും താണ്ടി മലനിറഞ്ഞൊഴുകിയെത്തിയ ഭകത കണ്ഠങ്ങളില്‍ നിന്ന് ശരണമന്ത്രങ്ങളുയര്‍ന്നു. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ മകര സംക്രമസന്ധ്യയില്‍ ഭക്തകോടികള്‍ മകര ജ്യോതിയുടെ ദര്‍ശന പുണ്യം നേടി.

സോപാനത്ത്‌ തന്ത്രി കണ്‌ഠര്‌ മഹേശ്വരരും മേല്‍ശാന്തി ജി വിഷ്‌ണുനമ്പൂതിരിയും ചേര്‍ന്ന്‌ ഏറ്റുവാങ്ങിയ തിരുവാഭരണം ഭഗവാന്‌ ചാര്‍ത്തി സന്ധ്യാദീപാരാധന നടത്തിയപ്പോള്‍ ആകാശത്ത് ശ്രീകൃഷ്ണപരുന്ത്‌ വട്ടമിട്ടു പറന്നു. സര്‍വ്വാഭരണ വിഭൂഷിതനായ ശബരീശനെ കണ്ട് കണ്‍‌നിറഞ്ഞ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മൂന്നു തവണ ദിവ്യ ജ്യോതി തെളിഞ്ഞു. ഭക്ത കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണം വിളികളാല്‍ സന്നിധാനം ഭക്തിസാന്ദ്രമായി.

സന്നിധാനത്തിനു പുറമേ മകരജ്യോതി കാണാവുന്ന സ്ഥലങ്ങളായ പുല്ലുമേട്‌, പാണ്ടിത്താവളം, അട്ടത്തോട്‌, ശരംകുത്തി, നീലിമല, മരക്കൂട്ടം, ഹില്‍ടോപ്പ്‌, ചാലക്കയം എന്നീ സ്ഥലങ്ങളില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ്‌ മകരജ്യോതി ദര്‍ശിക്കുന്നതിനായി നിലയുറപ്പിച്ചിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :