തിരുവഞ്ചൂരിനായുള്ള കളി മതി; ഭരണം മാറുകയാണെന്ന് എം വി ജയരാജന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
തിരുവഞ്ചൂരിനായുള്ള കളി മതിയെന്നും ഭരണം മാറുകയാണെന്നും കണ്ണൂരില്‍ പൊലീസ് സ്റ്റേഷനില്‍ സിപിഎം നേതാവ് എം വി ജയരാജന്റെ വെല്ലുവിളി. മുഖ്യമന്ത്രിയ്ക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാക്കളെ കാണാനെത്തിയപ്പോള്‍ തടഞ്ഞ പോലീസുകാരോടായിരുന്നു ജയരാജന്റെ അധിക്ഷേപം. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ നേതാക്കളായ സരിന്‍ ശശി പി പ്രശോഭ് ഉള്‍പ്പെടെ നാല് പേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.

സിപിഎം കണ്ണൂരില്‍ നടത്താനിരുന്ന ധര്‍ണ്ണയ്ക്ക് തൊട്ടു മുമ്പാണ് എസ്എഫ്‌ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പോലീസ് സ്‌റ്റേഷനിലേക്ക് കുതിച്ച സിപിഎം നേതാക്കളെ പോലീസ് തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ അറസ്റ്റു ചെയ്തവരെ കാണാന്‍ നേതാക്കളെ പോലീസ് അനുവദിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.

കഴിഞ്ഞമാസം 27നാണ് സിപിഎം പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെയായിരുന്നു കല്ലേറ്. കല്ലേറില്‍ കാറിന്റെ വലതു ഭാഗത്തെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് തെറിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ടിടത്തായാണ് മുറിവേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :