ടിപി കേസ്: സിബിഐ അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആര്‍ എം പി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്. കേസിലെ ഗൂഢാലോചന അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്ന പ്രത്യേക പോലീസ്‌ സംഘത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ നിയമപരവും വ്യവസ്ഥാപിതവുമായ രീതിയില്‍ മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാരിന് നീങ്ങാനാകൂ എന്നും ചെന്നിത്തല അറിയിച്ചു.

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ക്രൈം നമ്പര്‍ 85/2014 തൊട്ടടുത്ത ദിവസം തന്നെ സി ബി ഐക്ക് വിടുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് പ്രത്യേക പോലീസ്‌ സംഘത്തിന്‍റെ അന്വേഷണത്തിന് ശേഷം സി ബി ഐ അന്വേഷണമാകാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. ഉത്തരമേഖല എ ഡി ജി പി ശങ്കര്‍ റെഡ്‌ഡിക്കാണ് അന്വേഷണത്തിന്‍റെ മേല്‍‌നോട്ടം. എസ് പി അക്ബറിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണത്തിന്‍റെ ചുമതല.

നിലവിലെ സാഹചര്യത്തേക്കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍ എം പി നേതാക്കളുമായി ചര്‍ച്ച നടത്തി. ടി പിയുടെ വിധവയും ആര്‍ എം പി നേതാവുമായ നടത്തുന്ന നിരാഹാരം മൂന്നാം ദിവസവും തുടര്‍ന്ന സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണത്തിന് രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം അടുത്ത ദിവസം തന്നെ രമയുടെ മൊഴിയെടുക്കുമെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :