ടി ഇ വാസുദേവന്‍ അന്തരിച്ചു

ടി ഇ വാസുദേവന്‍, സിനിമ, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ഷാജി കൈലാസ്
കൊച്ചി| Last Updated: ചൊവ്വ, 30 ഡിസം‌ബര്‍ 2014 (19:59 IST)
മലയാള സിനിമയുടെ കുലപതി ടി ഇ വാസുദേവന്‍ അന്തരിച്ചു. കൊച്ചി പനമ്പള്ളിനഗറിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസായിരുന്നു. ആദ്യ ജെ സി ഡാനിയേല്‍ പുരസ്കാര ജേതാവാണ്.

അമ്പതിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ച ടി ഇ വാസുദേവന്‍ 1050ലധികം സിനിമകള്‍ വിതരണം ചെയ്തിട്ടുണ്ട്. 1953ല്‍ ആശാദീപം എന്ന നിര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്. 1958ല്‍ പി ഭാസ്കരന്‍ സംവിധാനം ചെയ്ത നായരു പിടിച്ച പുലിവാല്‍ നിര്‍മ്മിച്ചതോടെ മലയാള സിനിമയുടെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കപ്പെട്ടു.

വി ദേവ് എന്ന പേരില്‍ ആദ്യകാലത്ത് ടി ഇ വാസുദേവന്‍ സിനിമകള്‍ക്ക് കഥകളെഴുതിയിരുന്നു. ഒരേ കഥ വിവിധ പശ്ചാത്തലങ്ങളില്‍ പറയുകയും അവയൊന്നും ആരും തിരിച്ചറിയപ്പെടാത്ത രീതിയില്‍ കൌശലപൂര്‍വം അവതരിപ്പിക്കുകയും ചെയ്യുന്ന ടെക്നിക്ക് പലതവണ ടി ഇ വാസുദേവന്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു.

പല പ്രമുഖ സംവിധായകരെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ടി ഇ വാസുദേവനാണ്. അദ്ദേഹത്തിന്‍റെ ജീവചരിത്രം മലയാള സിനിമയുടെ തന്നെ ചരിത്രമാണ്. എന്നാല്‍ മലയാള സിനിമയുടെ ചരിത്രം സംബന്ധിച്ച ഒരു പുസ്തകത്തിന്‍റെ രചന പുരോഗമിച്ചുവരവേയാണ് അത് പൂര്‍ത്തിയാക്കാനാകാതെ അദ്ദേഹം യാത്രയാകുന്നത്.

1987ല്‍ എം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കാലം മാറി കഥ മാറി ആണ് ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച അവസാന ചിത്രം. എന്നാല്‍ അതിന് ശേഷവും മലയാള സിനിമയുടെ പുരോഗമനത്തിനാവശ്യമായ എല്ലാ സഹകരണവും നല്‍കിക്കൊണ്ട് സജീവമായി അദ്ദേഹം സിനിമാമേഖലയോട് ചേര്‍ന്നുനടന്നു.

ഭാര്യമാര്‍ സൂക്ഷിക്കുക, കുട്ടിക്കുപ്പായം, സ്നേഹസീമ, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ത്ഥി സാറാമ്മ, നായരുപിടിച്ച പുലിവാല്‍, കാവ്യമേള, കോട്ടയം കൊലക്കേസ്, ഡേഞ്ചര്‍ ബിസ്കറ്റ്, കൊച്ചിന്‍ എക്സ്പ്രസ്, ജ്ഞാനസുന്ദരി, വിയര്‍പ്പിന്‍റെ വില, പുതിയ ആകാശം പുതിയ ഭൂമി, സത്യഭാമ, ഭര്‍ത്താവ്, കല്യാണഫോട്ടോ, അര്‍ച്ചന, പിഞ്ചുഹൃദയം, പാടുന്ന പുഴ, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, മറുനാട്ടില്‍ ഒരു മലയാളി, മായ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, ഫുട്ബോള്‍ ചാമ്പ്യന്‍, സെക്സില്ല സ്റ്റണ്ടില്ല, മധുരപ്പതിനേഴ്, പ്രിയം‌വദ, തിരുമുല്‍ക്കാഴ്ച, യത്തീം, കടുവയെ പിടിച്ച കിടുവ, അശോകവനം, കുടുംബം നമുക്ക് ശ്രീകോവില്‍, ജിമ്മി, എല്ലാം നിനക്കുവേണ്ടി, മണിയറ, മണിത്താലി, കാലം മാറി കഥ മാറി തുടങ്ങിയവയാണ് ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച സിനിമകള്‍.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി ന്യൂസ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :