ചക്കുളത്തുകാവു പൊങ്കാല ഞായറാഴ്ച

തിരുവല്ല| WEBDUNIA| Last Modified ശനി, 14 ഡിസം‌ബര്‍ 2013 (16:00 IST)
PRO
പ്രസിദ്ധമായ നീരേറ്റുപുറം ചക്കുളത്തുകാവു ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ഞായറാഴ്ച നടക്കും. ഞായര്‍ രാവിലെ ഒമ്പതരയ്ക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകളും തുടര്‍ന്ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും നടക്കും.

തുടര്‍ന്ന് പൊങ്കാലയുടെ ഉദ്ഘാടനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യയും ധീരുഭായ് അംബാനി ട്രസ്റ്റ് ചെയര്‍പെഴ്സണുമായ നീതാ അംബാനി നിര്‍വഹിക്കും. ഭദ്രദീപ പ്രകാശനം നിര്‍വഹിക്കുന്നത് ബി.ജെ.പി സംസ്ഥാന ജനറല്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ്‌.

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മാത്യു റ്റി.തോമസ് എം.എല്‍.എ ആണ്‌. ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലിനുള്ളിലെ കെടാവിളക്കില്‍ നിന്നു പകരുന്ന ഭദ്രദീപം പണ്ഡാര പൊങ്കാലയടുപ്പില്‍ തെളിയിക്കുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും.

നീരേറ്റുപുറം മുതല്‍ ചെങ്ങന്നൂര്‍ വരെയും തിരുവല്ല - ചങ്ങനാശേരി റോഡില്‍ മുത്തൂര്‍ വരെയും പൊടിയാടി മാവേലിക്കര റോഡില്‍ മാന്നാര്‍ വരെയും നീരേറ്റുപുറം അമ്പലപ്പുഴ റോഡില്‍ കേളമംഗലം വരെയും എടത്വായില്‍ നിന്ന് വീയപുരം, കിടങ്ങറ, തായങ്കരി എന്നീ റോഡുകളിലും എം.സി.റോഡില്‍ കുറ്റൂര്‍ മുതല്‍ മുത്തൂര്‍ വരെയും റ്റി.കെ റോഡില്‍ മനയ്ക്കച്ചിറവരെയും പൊങ്കാലയടുപ്പുകള്‍ കൂട്ടുന്നതിനുള്ള സൌകര്യം ഒരുക്കിയതായി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച രാവിലെ പത്ത് മണി വരെ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും ദര്‍ശനമെന്നും മണിക്കുട്ടന്‍ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :