ഗ്രൂപ്പിനെക്കുറിച്ച് പറയാന്‍ പി സി ചാക്കോയ്ക്ക് അര്‍ഹതയില്ല: പി ജെ കുര്യന്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഗ്രൂപ്പ് കളിക്കാനാണെങ്കില്‍ ചെന്നിത്തല സ്ഥാനം ഒഴിയണമെന്ന പി സി ചാക്കോയുടെ പ്രസ്താവനയ്ക്കെതിരെ പി ജെ കുര്യന്‍ രംഗത്ത്. ഗ്രൂപ്പിനെക്കുറിച്ച്‌ പറയാന്‍ പി സി ചാക്കോയ്ക്ക്‌ അര്‍ഹതയില്ലെന്ന് കുര്യന്‍ പറഞ്ഞു. എല്ലാ ഗ്രൂപ്പിലും കയറി ഇറങ്ങിയ ആളാണ് ചാക്കോയെന്നും കുര്യന്‍ പറഞ്ഞു. ചാക്കോയുടെ പരസ്യ പ്രസ്താവന ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി.

സോണിയാഗാന്ധിയാണ്‌ രമേശ്‌ ചെന്നിത്തലയെ കെപിസിസി പ്രസിഡന്റായി നിശ്ചയിച്ചത്‌. അന്ന്‌ മറ്റ്‌ ഭാരവാഹികളെ നിശ്ചയിച്ചിരുന്നില്ല. അതിനുള്ള ചര്‍ച്ചകളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അതിനിടയില്‍ കെപിസിസി പ്രസിഡന്റ്‌ ഒഴിയണം എന്ന്‌ എ ഐസിസിയുടെ വക്‌താവ്‌ പറയുന്നത്‌ സോണിയാഗാന്ധിയുടെ തീരുമാനത്തിന്‌ എതിരാണ്‌. മാത്രമല്ല പരസ്യ പ്രസ്‌താവന പാടില്ല എന്ന്‌ എഐസിസി തന്നെ വിലക്കിയതാണ്‌. ആ നിലയ്ക്കും ചാക്കോ നടത്തിയത്‌ അച്ചടക്ക ലംഘനമാണെന്ന് കുര്യന്‍ പറഞ്ഞു.

ഗ്രൂപ്പിന്റെ പേരില്‍ ചെന്നിത്തലയെ ആക്ഷേപിക്കുന്നത്‌ ശരിയല്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ എക്കാലത്തും ഗ്രൂപ്പ്‌ ഉണ്ടായിരുന്നു. കെ കരുണാകരനും എ കെ ആന്റണിക്കും ഗ്രൂപ്പുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്ക്കും ഗ്രൂപ്പുണ്ടായിരുന്നു. ചെന്നിത്തല ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയേണ്ട ആവശ്യമില്ല.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തല കെപിസിസി പ്രസിഡന്റുമായ ടീം നല്ല പ്രവര്‍ത്തനമാണ്‌ കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ്‌ എന്ന നിലയില്‍ ചെന്നിത്തല പരാജയമാണെന്ന ചാക്കോയുടെ അഭിപ്രായത്തോട് യോജിപ്പില്ല. എന്നല്ല രമേശിന്റെ പ്രവര്‍ത്തനം വിജയമാണെന്നു കാണാം. രമേശ്‌ കെപിസിസി പ്രസിഡന്റ്‌ ആയതിനു ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും കേരളത്തില്‍ യുഡിഎഫ്‌ വിജയം നേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കുറഞ്ഞതിന്റെ ഉത്തരവാദിത്തം രമേശിനു മാത്രമല്ലെന്നും കുര്യന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :