rahul balan|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (14:40 IST)
ഗണേഷ്കുമാര്‍ തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടൻ ജഗദീഷ്. ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടനാണെന്ന് പറഞ്ഞാലും താൻ പ്രതികരിക്കില്ലെന്ന് ജഗദീഷ് പറഞ്ഞു. ഞാന്‍ ലോകത്തിലെ പരമ ദുഷ്ടനാണെന്ന് പറയുന്നതിനപ്പുറം ഒരാള്‍ക്കും തന്നെ കുറിച്ച് ഒന്നും പറയാന്‍ ഉണ്ടാകില്ലെന്നും ജഗതീഷ് പറഞ്ഞു.
ഗണേഷ് കുമാർ എന്റെ സുഹൃത്താണ്. അദ്ദേഹത്തെക്കുറിച്ച് മോശമായി യാതൊന്നും ഞാൻ പറയില്ല. സുഹൃത്ത് ബന്ധങ്ങള്‍ക്കാണ് താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വില നല്‍കുന്നത്. തിരഞ്ഞെടുപ്പിന് ശേഷവും എനിക്ക് പഴയ സൗഹൃങ്ങൾ അങ്ങനെതന്നെ ഉണ്ടാവണമെന്ന് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും ജഗതീഷ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ജഗതീഷിനെതിരെ പേരെടുത്തു പറയാതെ
ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ചു അയാള്‍ വൈകാതെ നിങ്ങളുടെ സമീപമെത്തുമ്പോള്‍ സൂക്ഷിക്കണമെന്നായിരുന്നു ഗണേഷിന്റെ പരാമര്‍ശം. ഒരുമക്കളും ചെയ്യാത്ത തരത്തില്‍ അച്ഛന്റെ സഞ്ചയനത്തിനു മാത്രമാണ് അയാള്‍ നാട്ടിലെത്തിയതെന്നും ഗണേഷ് പറഞ്ഞിരുന്നു.