aparna|
Last Modified ചൊവ്വ, 6 ജൂണ്‍ 2017 (08:33 IST)
കോൺഗ്രസിലെ നേതാക്കൾക്കെതിരെ പുതിയ പരാതിയുമായി സരിത എസ് നായർ. പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്നും പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും കോണ്‍ഗ്രസ് നേതാവിന്റെ മകന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ സരിത ആരോപിക്കുന്നു.
കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകന്റെയും യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവിന്റെയും പേരുകളാണ് സരിത പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഖനനക്കേസിലും എംബിബിഎസ് പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്റെ മകനെ പരിചയപ്പെടുത്തിയതെന്നും സരിത പരാതിയിൽ പറയുന്നു.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത 2016 ജൂലൈയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പുനരന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി.