കോണ്‍ഗ്രസില്‍ എടുത്തില്ലെങ്കില്‍ ഉപവാസത്തിന് മുരളി

കോഴിക്കോട്‌| WEBDUNIA| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2010 (15:36 IST)
PRO
കോണ്‍ഗ്രസില്‍ എടുക്കാന്‍ ആദ്യമൊക്കെ മര്യാദയ്ക്ക് ആണ് മുരളീധരന്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസില്‍ എടുത്തില്ലെങ്കിലും വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വേണ്ടി രംഗത്തു വരുമെന്ന് മുരളി വ്യക്തമാക്കുകയും ചെയ്തു. കാത്തിരുന്ന് മടുത്ത മുരളി ഇപ്പോള്‍ നിലപാട് ആകെ മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ എടുത്തില്ലെങ്കില്‍ ഉപവാസം നടത്തുമെന്നാണ് മുരളിയുടെ പുതിയ പ്രഖ്യാപനം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് ആണ് മുരളി തന്‍റെ പുതിയ നിലപാട് വ്യക്തമാക്കിയത്.

തന്‍റെ കോണ്‍ഗ്രസ്‌ പുനപ്രവേശനം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാണ്‌ തീരുമാനമെങ്കില്‍ കെപിസിസി ഓഫീസിനു മുന്നില്‍ മരണം വരെ ഉപവസിക്കുമെന്നാണ് മുരളീധരന്‍ പറഞ്ഞിരിക്കുന്നത്. മാര്‍ച്ച്‌ എട്ടിനുശേഷം താന്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ്‌ പ്രതീക്ഷ. എന്നാല്‍ ഏതെങ്കിലും രീതിയില്‍ ഇത്‌ നീട്ടിക്കൊണ്ടു പോകുകയാണെങ്കില്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ പ്രതിഷേധിക്കുമെന്നും മുരളി വ്യക്തമാക്കുന്നു.

താന്‍ തന്നെ മുന്‍കൈയെടുത്തു നിര്‍മിച്ച കെപിസിസി ആസ്ഥാനത്തിനു മുമ്പിലായിരിക്കും ഉപവാസം. വേറെ ഒരു കോണ്‍ഗ്രസുകാരനും ഈ അനുഭവം ഉണ്ടാകാതിരിക്കുന്നതിനായാണ്‌ ഗാന്ധിയന്‍ മാര്‍ഗം സ്വീകരിക്കുന്നത്. വിമതരായി മത്സരിച്ചതിനു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പലരെയും പഞ്ചായത്തു പ്രസിഡന്‍റുമാരായി കോണ്‍ഗ്രസ്‌ തിരിച്ചെടുത്തിട്ടുണ്ടെന്നും മുരളി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :