കെ ബാബുവിനെതിരെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

K Babu, BAR, Mani, Oommenchandy, High Court, കെ ബാബു, ബാര്‍ കോഴ, മാണി, ഉമ്മന്‍‌ചാണ്ടി, ഹൈക്കോടതി
കൊച്ചി| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (11:49 IST)
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായ ഹര്‍ജി ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കെ എം മാണിക്കെതിരായ തുടരന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബാബുവിനെതിരെ തുടരന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം.

ബാര്‍ കോഴക്കേസില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. തുടരന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടുന്നത് ഉചിതമല്ല. ബാബുവിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന് വിജിലന്‍സ് കോടതിയെ സമീപിക്കാം - ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീക്ക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ബാറുടമകളില്‍ നിന്ന് കെ ബാബു 10 കോടി രൂപ കോഴവാങ്ങിയെന്നായിരുന്നു ആരോപണം. ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഫീസ് 25 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറയ്ക്കുന്നതിനാണ് കോഴ വാങ്ങിയതെന്നും ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞിരുന്നു.

അതേസമയം, ബാര്‍ കോഴക്കേസില്‍ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ തിങ്കളാഴ്ചയും പ്രതിഷേധമുയര്‍ന്നു. പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :