സഹായങ്ങള്‍ നല്‍കുമ്പോള്‍ ജാതിയും മതവും നോക്കാറില്ല, വെള്ളാപ്പള്ളി വര്‍ഗീയ വിഷം പടര്‍ത്തുന്നു: ഉമ്മന്‍‌ചാണ്ടി

Mani, Oommenchandy, Vellappalli, Naushad, VS, Pinarayi, മാണി, ഉമ്മന്‍‌ചാണ്ടി, വെള്ളാപ്പള്ളി, നൌഷാദ്, വി എസ്, പിണറായി
തിരുവനന്തപുരം| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (17:13 IST)
സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുമ്പോള്‍ അത് ലഭിക്കുന്നയാളുടെ ജാതിയും മതവും നോക്കാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയ വിഷം പടര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് മാന്‍‌ഹോളില്‍ ജീവത്യാഗം ചെയ്ത നൌഷാദിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെതിരെ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ പ്രവര്‍ത്തിക്കുന്നവരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. നൌഷാദിന്‍റെ വീട് സന്ദര്‍ശിക്കുന്ന വേളയില്‍ ഞാന്‍ ധനസഹായമൊന്നും പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ സാമ്പത്തിക സഹായത്തിന്‍റെയും ജോലിയുടെയും കാര്യത്തില്‍ പോസിറ്റീവായി പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് ജാതിയും മതവും നോക്കാറില്ല. അതേക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ വര്‍ഗീയ വിഷം പടര്‍ത്തുന്നവയാണ് - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

മരിക്കുകയാണെങ്കില്‍ മുസ്ലീമായിട്ടോ ക്രിസ്ത്യാനിയായിട്ടോ മരിക്കണമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവന നടത്തിയത്. ഇത് അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഒരു വിധത്തിലും ഇത് അംഗീകരിക്കാനാവില്ല. കേരളം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത രീതിയിലുള്ള വര്‍ഗീയവികാരമാണ് പ്രചരിപ്പിക്കുന്നത്. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതും സത്യവുമായി ഒരു ബന്ധവുമില്ലാത്തതുമാണ് - മുഖ്യമന്ത്രി വ്യക്തമാക്കി.

ജേക്കബ് തോമസ് തനിക്കെതിരെ നിയമനടപടിക്ക് അനുമതി തേടിയാല്‍ ആ നിമിഷം അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിനെ ‘ഡീല്‍ ചെയ്തോളാം’ എന്ന് താന്‍ പറഞ്ഞത് നല്ല അര്‍ത്ഥത്തിലാണ് - മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി കെ ബാബുവിനെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മാണിസാര്‍ സ്വയം രാജിവയ്ക്കുകയായിരുന്നു. ആ രാജി ഞാന്‍ ആവശ്യപ്പെട്ടതല്ല. അഴിമതിയും അഴിമതിയാരോപണവും രണ്ടും രണ്ടാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :