കെ പി ഉദയഭാനു അന്തരിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
അനശ്വര ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയംകവര്‍ന്ന ഗായകന്‍ കെ പി ഉദയഭാനു (77) അന്തരിച്ചു.

പാര്‍ക്കിന്‍സണ്‍സ്‌ രോഗം മൂലം അവശനായ ഭാവഗായകന്‍ ഒരുവര്‍ഷമായി കിടപ്പിലായിരുന്നു. ഏകമകന്‍ രാജീവ്‌ ഉദയഭാനുവിന്റെ നന്തന്‍കോടിനു സമീപത്തെ വസതിയില്‍ ഇന്നലെ രാത്രി 8.45-നായിരുന്നു അന്ത്യം.

തിരുവനന്തപുരം മ്യൂസിയം വളപ്പിനടുത്ത് ചോയിസ് ഹൈറ്റ്‌സ് അപ്പാര്‍ട്ടുമെന്റില്‍ മരണസമയത്ത് മകന്‍ രാജീവ്, മരുമകള്‍ സരിത, സഹോദരി അമ്മിണി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പൊതു ദര്‍ശ്ശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി.


പിന്നണിഗാനാലാപനം മതിയാക്കിയശേഷം അദ്ദേഹം തുടങ്ങിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംരംഭവും ഉദയഭാനു ഫൗണ്ടേഷനും മലയാളത്തിലെ സാംസ്‌ക്കാരിക രംഗത്ത് സജീവമായിരുന്നു.

പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍.എസ്.വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ജൂണ്‍ ആറിനാണ് ഉദയഭാനു ജനിച്ചത്. സിംഗപ്പുരില്‍ പിതാവ് ബിസിനസ് നടത്തിയിരുന്നതിനാല്‍ ഉദയഭാനുവിന്റെ കുട്ടിക്കാലം അവിടെയായിരുന്നു.

ഏഴുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 1944-ല്‍ സഹോദരങ്ങള്‍ക്കൊപ്പം തരൂരില്‍ തിരിച്ചെത്തി. കല്‍പ്പാത്തിയിലെ ത്യാഗരാജ സംഗീതസഭയില്‍ ചേര്‍ന്ന ഉദയഭാനു ഓടക്കുഴലില്‍ കൃഷ്ണയ്യരുടെയും മൃദംഗത്തില്‍ പാലക്കാട് മണി അയ്യരുടെയും വായ്പ്പാട്ടില്‍ എം ഡി രാമനാഥന്റെയും ശിഷ്യനായി. 1955-ല്‍ കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറായി.

നായരു പിടിച്ച പുലിവാല്‌ എന്ന സിനിമയിലെ എന്തിനിത്ര പഞ്ചസാര...., വെളുത്ത പെണ്ണേ.... എന്നീ ഗാനങ്ങള്‍ പാടിയാണ് സിനിമയില്‍ തുടക്കം. കാനന ഛായയില്‍, മനസിനകത്തൊരു പെണ്ണ്‌, അനുരാഗനാടകത്തില്‍, പെണ്ണായിപ്പിറന്നുവെങ്കില്‍, വെള്ളിനക്ഷത്രമേ നിന്നെ നോക്കി... എന്നിവ അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളില്‍ ചിലതുമാത്രം.

2009-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഉദയഭാനുവിനു സംഗീതത്തിലെ സമഗ്രസംഭാവനയ്‌ക്കുള്ള ദേശീയപുരസ്‌കാരം, മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സ്‌ഥാപകപത്രാധിപരുമായിരുന്ന കെ.പി. കേശവമേനോന്റെ മരുമകന്‍കൂടിയാണ്‌ ഉദയഭാനു. ഭാര്യ വിജയലക്ഷ്മി 2007-ല്‍ അന്തരിച്ചു. ഏറിയസ് ട്രാവല്‍സ് ഏജന്‍സി ഉടമ രാജീവ് മകനാണ്. സരിതയാണ് മരുമകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :