കാസര്‍ഗോഡ് ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കും: മന്ത്രി അടൂര്‍ പ്രകാശ്

കൊച്ചി| WEBDUNIA|
PRO
PRO
കണ്ണൂര്‍ ജില്ലയെ ഇന്ത്യയിലെ തന്നെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചതിന്റെ പിന്നാലെ കാസര്‍ഗോഡ് ജില്ലയെ കൂടി ഉടന്‍ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യുന്നതിനായി 39,000 പ്ലോട്ടുകളാണ് കാസറഗോഡ് ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്.

10271 പേരാണ് ഭൂരഹിത പദ്ധതിയിലൂടെ ഭൂമി ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഭൂമി നല്കി ബാക്കിയുള്ള ഭൂമി മറ്റു ജില്ലകളിലെ താത്പര്യമുള്ളവര്‍ക്ക് നല്കുമെന്നും മന്ത്രി പറഞ്ഞു. വട്ടേക്കുന്നം സ്‌കൂള്‍ പറമ്പ് കോളനിയിലെ 39 പേര്‍ക്കുള്ള പട്ടയ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മറ്റു ജില്ലയിലേക്ക് പോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ഭൂരഹിത പദ്ധതിയിലേക്ക് അപേക്ഷിച്ച താത്പര്യമുള്ളവര്‍ക്ക് മറ്റു ജില്ലകളിലേക്ക് പോകാം. ഇത്തരത്തില്‍ 45,000ത്തിലേറെ പേരാണ് മറ്റു ജില്ലകളിലേക്ക് പോകാന്‍ താത്പര്യമറിയിച്ചിരിക്കുന്നത്. അര്‍ഹതയില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കും. അതിന് വലുപ്പച്ചെറുപ്പം നോക്കില്ലഎന്ന് മന്ത്രി പറഞ്ഞു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കാലാവധി കഴിഞ്ഞിട്ടും ഏകദേശം 60,000ത്തിലധികം ഏക്കര്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ഇവരുമായി ഹൈക്കോടതിയില്‍ നിരവധി കേസുകളാണ് നടക്കുന്നത്. ഇതുള്‍പ്പെടെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന ഭൂരഹിത കേരളം പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്‍ഷ്യം എന്നും മന്ത്രി പറഞ്ഞു.

ഭൂരഹിത കേരളം പദ്ധതിയിലേക്ക് നേരത്തെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷിക്കാന്‍ ഇനിയും അവസരം നല്കും. അത് കൂടി പൂര്‍ത്തിയാകുന്നതോടെ ഏകദേശം രണ്ടര ലക്ഷം പേര്‍ക്ക് ഭൂമി കണ്ടെത്തേണ്ടി വരുമെന്നാണ് കണക്ക്കൂട്ടുന്നത്. 2013 അവസാനത്തോടെ ഒരു ലക്ഷം പേര്‍ക്ക് ഭൂമി നല്കുകയാണ് ലക്ഷ്യം. പുറമ്പോക്കില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് രേഖകളില്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല എന്ന അവസ്ഥ മാറണം. വട്ടേക്കുന്നം സ്‌കൂള്‍ പറമ്പ് കോളനി നിവാസികള്‍ക്ക് പട്ടയം നല്കിയ മാതൃകയില്‍ മൂലേപ്പാടം കോളനിയിലുള്ളവര്‍ക്കും പട്ടയം നല്കുന്നതിനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കും. നടപടികള്‍ വേഗത്തിലാക്കുന്നതിന് ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :