കണ്ണൂരില്‍ കനത്ത മഴയില്‍ നാലിടങ്ങളില്‍ ഉരുള്‍പൊട്ടി; കൃഷി ഉള്‍പ്പെടെ വ്യാപക നാശനഷ്ടം

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മലയോരമേഖലയില്‍ നാലിടങ്ങളില്‍ ഉരുള്‍പൊട്ടി.

കണ്ണൂര്, മഴ, ആലക്കോട് kannur, heavy rain, alakkode
കണ്ണൂര്| സജിത്ത്| Last Modified ബുധന്‍, 29 ജൂണ്‍ 2016 (11:10 IST)
കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മലയോരമേഖലയില്‍ നാലിടങ്ങളില്‍ ഉരുള്‍പൊട്ടി. മലയോരമേഖലകളായ ആലക്കോട് നെല്ലിക്കുന്ന മല, ഫര്‍ലോങ്ങര മല, നടവില്‍ കുടിയാന്മല മുന്നൂര്‍കൊച്ചി, പയ്യാവൂര്‍ ആടാംപാറയിലുമാണ് ഉരുള്‍പൊട്ടിയത്. ഉരുപൊട്ടലിനെ തുടര്‍ന്ന് കനത്ത നാശ നഷ്ടമാണ് ഈ മേഖലകളില്‍ ഉണ്ടായിരിക്കുന്നത്.

രണ്ടു ദിവസമായി കനത്ത മഴയാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. ആള്‍ത്താമസമില്ലാത്ത മലയോര മേഖലയായതിനാല്‍ ആളപായമില്ല. പ്രദേശങ്ങളിലെ റോഡുകളും കൃഷി സ്ഥലങ്ങളും വന്‍തോതില്‍ ഒലിച്ചു പോയി. ചെറുപുഴ ചെക്ക്ഡാമിന് സമീപം തീരത്ത് മണ്ണൊലിപ്പുണ്ടായി. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. ആലക്കോട് കാപ്പിമല വൈതല്‍ക്കുണ്ടില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 50,000 തേങ്ങ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയി.

ചൊവ്വാഴ്ച പത്തരയോടെയാണ് ഉരുള്‍പ്പൊട്ടല്‍ ആരംഭച്ചത്. മലയടിവാരത്തുള്ള ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോയവരെ ഏറെ സമയത്തിനുശേഷമാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് കോടമഞ്ഞ് ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ നേരത്തേക്ക് തടസപ്പെട്ടു. മുന്നൂര്‍കൊച്ചിയിലെ റോഡും ഇരുമ്പുപാലവും ഒഴുകിപ്പോയി.

റോഡുകളില്‍ പാറകഷ്ണങ്ങള്‍ കിടക്കുന്നതിനാല്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ആയിക്കര കടലില്‍ ശിവമുദ്ര എന്നപേരിലുള്ള വലിയ ഫൈബര്‍ വള്ളം മുങ്ങി.
വലയും മറ്റ് സാമഗ്രികളും നഷ്ടപ്പെട്ടെങ്കിലും ആര്‍ക്കും കാര്യമായ പരിക്കേറ്റതായി സൂചനയില്ല. പലമേഖലകളിലും രക്ഷാപ്രവര്‍ത്തനം ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണ്.

(ചിത്രത്തിന് കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍)

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :