തിരുവനന്തപുരം|
WEBDUNIA|
Last Modified ചൊവ്വ, 30 നവംബര്‍ 2010 (11:59 IST)
എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായി തൊഴിലെടുക്കാനാകാത്തവര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് രണ്ടായിരം രൂപയായി വര്‍ദ്ധിപ്പിക്കും. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഇക്കാര്യമറിയിച്ചത്.
രോഗികളായ മറ്റുള്ളവര്‍ക്ക് ആയിരം രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും. സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയാണ് പെന്‍ഷന്‍ നല്‍കുന്നത്. സൌജന്യ റേഷനും ഇവര്‍ക്ക് ലഭ്യമാക്കും. പകുതി തുകയെങ്കിലും അടച്ചുതീര്‍ത്ത മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പൂര്‍ണ കടാശ്വാസം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിനായി 221 കോടി രൂപയാണ് ആവശ്യമായി വരിക.
കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കിയ താപവൈദ്യുത നിലയം സ്ഥാപിക്കും. മലബാര്‍ മേഖലയിലെ മുസ്ലീം സമുദായത്തിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് 41 അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനും തീരുമാനമായി.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 7.5 ലക്ഷം രൂപ വീതവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും.