ഭരണകൂടം വിഷം തളിക്കുമ്പോള്‍

ജെ ജെ

കാസര്‍കോഡ്| WEBDUNIA|
PRO
ലോകം മുഴുവന്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു കീടനാ‍ശിനിയെ സ്വന്തമെന്നപോലെ പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി കേന്ദ്രസര്‍ക്കാരിന്‍റെ ആരാ? ചോദ്യം ഈ രാജ്യത്തെ സാധാരണക്കാരുടെ മാത്രമല്ല. മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഒരുപിടി മനുഷ്യന്മാരുടെ കൂടിയാ. വളര്‍ച്ച മുരടിച്ചും ബുദ്ധിമന്ദിച്ചും കണ്ണുതുറിച്ചും അകത്തേക്കു വലിക്കാനാവാതെ നാവു പുറത്തേക്കു തള്ളിയും ജീവിതം മുരടിച്ചു പോയ ഒരു കൂട്ടം സഹജീവികള്‍ കാസര്‍കോഡ് ഇപ്പോഴും ഉണ്ടെന്ന് ഓര്‍ത്താല്‍ നന്ന്. കേന്ദ്രസര്‍ക്കാരിന്‍റെ എന്‍ഡോസള്‍ഫാന്‍ സ്നേഹത്തിന് അവസാ‍നത്തെ ആണി എന്ന പോലെയെന്നായിരുന്നു കേന്ദ്രമന്ത്രി കെ വി തോമസിന്‍റെ തിങ്കളാഴ്ചത്തെ പ്രസ്താവന.

കാസര്‍കോഡ് ജില്ലയിലെ പ്ലാന്‍റേഷന്‍ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമുള്ളതാണെന്നു സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റിയും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു കെ വി തോമസിന്‍റെ വിശദീകരണം. കാസര്‍ഗോഡ്‌ ദേശീയ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്തര്‍ദേശീയ കാര്‍ഷിക സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും ഉപയോഗിക്കുന്ന കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാന്‍ എന്നും അത്‌ ഒരു പ്രദേശത്തുമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്‌ എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നുമായിരുന്നു തോമസിന്‍റെ ഭാഷ്യം. കെ വി തോമസിന് എങ്ങനെ ഇത് പറയാന്‍ കഴിഞ്ഞു എന്നാണ് മലയാളികള്‍ മൊത്തം ചിന്തിക്കുന്നത്. ഇങ്ങനെ പറയാന്‍ നാണമില്ലേ എന്ന് മുഖ്യമന്ത്രി ചോദിക്കുകയും ചെയ്തു. പത്തുവര്‍ഷം പ്രായമായ കീടനാശിനി വിപത്തിന്‍റെ ജീവിക്കുന്ന രക്ഷസാക്ഷികള്‍ ധാരാളമുള്ള നാടാണ് കാസര്‍കോഡ്. എന്‍ഡോസള്‍ഫാന്‍റെ കടന്നാക്രമണത്തില്‍ ബാല്യത്തിന്‍റെ പുലര്‍കാലവും യൌവനത്തിന്‍റെ വസന്തകാലവും നഷ്ടപ്പെട്ട് നിരവധിപേര്‍ ഇവിടെയുണ്ട്.

എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ കീടനാശിനി കമ്പനി ശക്തമായ നിയമയുദ്ധം നടത്തി വരികയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ കെ വി തോമസ് നടത്തിയ പ്രസ്താവന മനുഷ്യായുസ്സിന്‍റെ വസന്തകാലം നഷ്ടപ്പെട്ടു പോയവര്‍ക്കു ഇരുട്ടടിയായിരിക്കുകയാണ്. എന്നാല്‍, കോടതിയില്‍ സമര്‍പ്പിക്കാന്‍ കീടനാശിനി കമ്പനിക്ക് പുതിയൊരു രേഖ കൂടിയായി. വൈകിയ വേളയില്‍ ഭവിഷ്യത്ത് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രസംഘത്തെ നിയോഗിച്ചത് വിപരീത ഫലമുണ്ടാക്കുമെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഏതായാലും, മന്ത്രിയുടെ പ്രസ്താവനയോടെ കീടനാശിനിയുടെ ഭവിഷ്യത്ത് തുറന്നുകാണിക്കാനുപകരിക്കുമെന്ന് പറയപ്പെടുന്ന പഠനം എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് രക്ഷപ്പെടാനിടയാവുന്ന പഴുതായേക്കുമെന്ന് ആശങ്കയുണര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ച മേഖലകളില്‍ അതിന്‍റെ പ്രത്യാഘാതത്തിന്‍റെ കാലയളവ് ചുരുങ്ങിയതാണെന്ന് കമ്പനി നിയമയുദ്ധത്തില്‍ വാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 200ഓളം പേരുടെ മരണത്തിലേക്ക് നയിക്കുകയും ആയിരത്തോളം പേരെ നിത്യരോഗികളാക്കുകയും ചെയ്ത കീടനാശിനിയുടെ പ്രത്യാഘാതം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് അറിയേണ്ടത് കീടനാശിനി കമ്പനിയുടെതന്നെ താല്‍പര്യമാണ്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന സര്‍വേയില്‍ പത്തുവര്‍ഷം മുമ്പ് നടന്ന കീടനാശിനി പ്രയോഗത്തിന്‍റെ മാരകാവസ്ഥ പ്രകടമാവുന്ന ഒരു തെളിവും കിട്ടാനിടയില്ല. പത്തുവര്‍ഷം മുമ്പ് നടന്ന കീടനാശിനി പ്രയോഗത്തിന്‍റെ പ്രത്യാഘാതം എത്രത്തോളം അവശേഷിക്കുന്നു എന്നേ ഈ പഠനത്തിലൂടെ പുറത്തു കൊണ്ടുവരാന്‍ കഴിയൂ. 1998ല്‍ തന്നെ ഡോ മോഹനകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ രോഗവിവരങ്ങള്‍ പുറത്തുവന്നത്. അതിനുശേഷം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് താല്‍കാലികമായി കോടതി തടഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :