എന്‍ഡോസള്‍ഫാനെ തുണച്ച് പ‌വാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
ദുരിതം വിതച്ച എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ദോഷകരമല്ലെന്ന വാദവുമായി കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍. കീടനാശിനി നിയന്ത്രണബോര്‍ഡിന്‍റെ നിര്‍ദ്ദേശം മറികടന്ന് ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കാസര്‍ഗോഡ് പ്രശ്നങ്ങളുണ്ടാക്കിയത് പവാര്‍ ലോക്സഭയില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ലെന്നു വാദിക്കുന്ന വലിയൊരു വിഭാഗം കര്‍ഷകര്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എം പിമാരായ കെ സുധാകരന്‍, പി കരുണാകരന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു പവാര്‍.

കേരളത്തിലെ ദുരിതബാധിതരെ സഹായിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരള സര്‍ക്കാര്‍ പരിശോധിക്കണം. സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രം ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെപ്പോലെ കര്‍ണാടകയിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം രൂപീകരിച്ച നാലു സമിതികളും നല്‍കിയത് അനുകൂല റിപ്പോര്‍ട്ടുകള്‍ തന്നെയാണ്. വിഷയം പുതുതായി പഠിക്കുന്ന ഐസിഎംആര്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കുമെന്നും പവാര്‍ ലോക്സഭയില്‍ വ്യക്തമാക്കി.

ജനിതക വൈകല്യമുള്‍പ്പെടെ തലമുറകള്‍ നീളുന്ന ദുരിതങ്ങളാണ് കാസര്‍ഗോഡുള്ള ജനങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. 60 ദിവസത്തേക്കാണ് നിരോധനം. മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി പൂര്‍ണമായും നിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷം നടന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ നിര്‍ദേശം വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :