ഉച്ചഭക്ഷണത്തിനുളള പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് പുത്തന്‍ മാതൃക ഒരുക്കുകയാണ് അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍. പൂവാര്‍ കൃഷിഭവന്റെ സഹകരണത്തോടെ 13 സെന്റില്‍ വിളവിറക്കിക്കൊണ്ടാണ് നൂറോളം വരുന്ന എന്‍സിസി കേഡറ്റുകള്‍ 750 ഓളം കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുളള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത്.
പ്രതിദിനം പത്ത് കേഡറ്റുകള്‍ വീതമാണ് കൃഷിപ്പണിക്കായി ആയുധമെടുത്തത്. തൊഴില്പരിശീലനപീരീഡുകളിലും ഒഴിവ് സമയങ്ങളിലും മറ്റ് വിദ്യാര്‍ത്ഥികള്‍ കൂടി ഒപ്പം കൂടിയതോടെ ഈ ചെറിയ കൃഷിഭൂമിയില്‍ പൊന്നുവിളയുകയായിരുന്നു. ചീര, വെണ്ട, പയര്‍, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. കഴിഞ്ഞ ദിവസം കോളിഫ്ളവര്‍ വിളവിറക്കിയിട്ടുമുണ്ട്. ഇനി ആഴ്ചകള്‍തോറും പച്ചക്കറി ലഭിക്കുമെന്ന് കൃഷി കോഡിനേറ്റര്‍ അലക്സ് സാം ക്രിസ്റ്റി പറഞ്ഞു.
കൃഷിക്കായുളള വിത്തുകളും വളവും മറ്റും നല്‍കിയത് പൂവാര്‍ കൃഷിഭവനായിരുന്നു. കൂടാതെ ദൈനംദിനമുളള കൃഷിജോലികള്‍ക്ക് കുട്ടികളെ സഹായിക്കാന്‍ കൃഷി അസിസ്റ്റന്റ് അനിലും സ്കൂളില്‍ എത്തുമായിരുന്നു. ഇതിനോടകം തന്നെ രണ്ട് തവണ വിളവെടുത്തു. സ്കൂള്‍ മാനേജ്മെന്റ് കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന വാഴകൃഷിക്കും കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഒഴിവുസമയങ്ങളില്‍ മറ്റ് അധ്യാപകരും കൃഷിജോലികള്‍ക്കായി കുട്ടികളെ സഹായിക്കുന്നുണ്ട്.