ഇതാണ് പൊലീസ് ബുദ്ധി! ഇനി ആ ദിലീപെങ്ങാനും നിരപരാധിയായിരിക്കുമോ? - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

‘ഞാൻ അവളെയും എടുത്ത് കിണറ്റിലേക്കിട്ടു, ലോകത്തെ സകലമാന ഭാര്യമാരേയും എടുത്ത് കിണറ്റിലേക്കിടാൻ തുടങ്ങി‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

aparna| Last Modified ബുധന്‍, 19 ജൂലൈ 2017 (13:33 IST)
നിരപരാധിയെ കുറ്റവാളിയാക്കാനും, കുറ്റവാളിയെ നിരപരാധിയാക്കനുമെല്ലാം എളുപ്പം സാധിക്കുന്ന ഒരു വ്യവസ്ഥയാണ് നീതി ന്യായ വ്യവസ്ഥയെന്ന് വ്യക്തമാക്കി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ അനുഭവം ദിലീപ് കേസുമായി ബന്ധപ്പെടുത്തിയാണ് യുവാവ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ദിലീപ് നിരപരാധിയാണോ എന്ന് ചോദിക്കുന്ന യുവാവ് ‘ആകാന്‍ വഴിയില്ല’ എന്നും പറയുന്നുണ്ട്.

വൈറലാകുന്ന ഫേസ്ബുക് പോസ്റ്റ്:

" ദിലീപ് നിരപരാധി "

ഇത് വായിച്ച് പൊന്നാട, ജെണ്ട് ,റീത്ത്, ഹാരം, നോട്ട്മാല, നാരങ്ങ്യാ എന്നിവ നൽകി എന്നെ വീർപ്പ്മുട്ടിക്കരുതേ എന്നൊരു "മുൻകൂർ ജാമ്യ" അപേക്ഷ യോടെ....

ഇത് ഒരു സോദ്ദേശ കഥയല്ല. എന്നാൽ, ദുരുദ്ദേശപരവുമല്ല. വൈകുന്നേരമാണ്. സമയം ഒരു നാല് നാലേകാൽ നാലര നാലേമുക്കാൽ ആയി കാണണം. ഉച്ചയുറക്കവും കുളിയും കഴിഞ്ഞ് ഉമ്മറത്തിരിക്കുമ്പോഴാണ് പ്രിയപ്പെട്ട കൂട്ടുകാരന്റെ കാർ മുറ്റത്ത് വന്ന് ബ്രേക്കിട്ടത്.

അവൻ ഇന്നലെ ഗൾഫിൽ നിന്നെത്തിയ വിവരം അറിഞ്ഞിരുന്നു. അകത്തേക്ക് ക്ഷണിച്ചു അവൻ ഇറങ്ങിയില്ല, പകരം എന്നെ ക്ഷണിച്ചു...
"വാ കയറ് "
അവൻ തിരക്ക് കൂട്ടി
"വാടാ ചായ കുടിച്ചിട്ട് പോവാം"
ഞാൻ വീണ്ടും നിർബന്ധിച്ചു,

മറുപടിയായി അവൻ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ചുവന്ന ബാഗിൽ നിന്നും ഒരു ബോട്ടിലെടുത്ത് ഉയർത്തി കാണിച്ചു.

"കോണ്യാക്ക് ....!!! "

മനസ്സിൽ ഒരു പാട് ലഢുകൾ ഒരുമിച്ച് പൊട്ടി. പൊട്ടിയ മനസ്സ് ഫ്ളാഷ് ബേക്കായി കൊയിലാണ്ടി വഴി മയ്യഴിയിലെത്തി അവിടെ നിന്ന് വെള്ളിയാംകല്ല് ചുറ്റി പുരാതന ഫ്രാൻസിലെ മഞ്ഞണിഞ്ഞ തെരുവോരത്തിലൂടെ ഓടി. പലക കൊണ്ട് നിർമ്മിച്ച് മുകളിൽ ആവി പറക്കുന്ന പുകക്കഴലുള്ള ഒരു മധുശാലക്കകത്ത് കയറി നിന്നത് കിതച്ചു.

അകത്ത് മെഴുകുതിരിയുടെ മുനിഞ്ഞ വെട്ടത്തിൽ ഒരു കോണിലെ മേശക്ക് ചുറ്റും അൽഫോൺസാച്ചനും, എം.മുകുന്ദനും,ദാസനും വേറെ ചിലരും, കുട നന്നാക്കുന്ന ചോയിയെ കണ്ടില്ല. മുന്നിൽ മധു നിറച്ച ചഷകങ്ങൾമേശപ്പുറത്ത് അതേ കോണ്യാക്കിന്റെ ബോട്ടിൽ..!!!

അടുത്ത മേശയിലേക്ക് ഒളികണ്ണിട്ട് നോക്കി ഴാങ് പോൾ സാർത്, സിമോൻ ദ ബുവ്വ, കാഫ്ക, അൾബേർ കാമു, സോറൻ കിർകെഗാഡ്, ഇവർ ചുരുട്ട് കൊളുത്തി അതു പോലെയുള്ള മറ്റൊരു ബോട്ടിലിന് ചുറ്റും ഏതോ ചിന്തയിൽ നഷ്ടപ്പെട്ടിരിക്കയാണ്
(ഇവൻമാരൊക്കെ ആരാണാവാവോ?)

"എന്താ വരുന്നില്ലേ..,?" ഒരശരീരി...
പ്രിയപ്പെട്ട കൂട്ടുകാരനാണ്,
മനസ്സ് അതെ സ്പീഡിൽ തിരികെ വീട്ട്മുറ്റത്തെത്തി...

"നിർബന്ധമാണേൽ.... "

"ആർക്ക് നിർബന്ധം ..?"

" എനിക്ക് തന്നെ "

അവൻ ചിരിച്ചു ഞാൻ വേഗം ചാടിയിറങ്ങി, അവൻ ഡ്രൈവർ സീറ്റ് മാറിയിരുന്നു ,ഞാൻ സാരഥിയായി...

"ഇപ്പോൾ വരാം " അടുക്കളയിലേക്ക് അവൾ കേൾക്കാൻ തക്ക ഉച്ചത്തിൽ പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു..

"എങ്ങോട്ടാ...? "

"മലയോര മേഖലയിലേക്ക് വിടൂ"
അവിടെ ചിത്രകാരൻ സുഹൃത്ത് ഉണ്ട് അവൻ തനിച്ചാണ് വീട്ടിൽ, അവിടെ കൂടാനാണ് പ്ളാൻ...

വണ്ടി കയറ്റം കയറി തുടങ്ങി. സോഡ വാങ്ങണം, ഉപദംശങ്ങളും

"താറമുട്ട കിട്ടുമോ എന്ന് നോക്കാം പഴയ സിനിമയിലെല്ലാം ബാലൻ കെ നായരും അച്ചൻ കുഞ്ഞുമെല്ലാം അതായിരുന്നു ടച്ചിംഗ്സായി ഉപയോഗിച്ചിരുന്നത്, അതിലൊരു വന്യതയുണ്ട് അതൊന്ന് പരീക്ഷിക്കാം"
ഇവൻ നൊസ്റ്റാൾജിയ ഹോൾസെയിലായി വാങ്ങാനുള്ള പദ്ധതിയിലാണ് എന്ന് തോന്നുന്നു....
ഈ ഗൾഫുകാരുടെ ഒരു കാര്യം

"താറമുട്ട ഹരം കൊടുക്കും" ഞാനും ശരി വെച്ചു..

മനസ്സ് ഉടനെ കേരളത്തിലെ പഴയ ഒരു ചാരായ ഷാപ്പിലേക്ക് കയറിപ്പോയി അവിടെ കാലിളകിയ ബെഞ്ചിൽ നൂറടിച്ച് മുഖം കോട്ടി കാറി തുപ്പി താറാ മുട്ടയെടുത്തൊന്ന് കടിച്ച്, ഒരു കണ്ണ് ചെറുതാക്കി ചെവിയിലെ മുറി ബീഡിയെടുത്തു കൊളുത്തുന്ന അച്ചൻ കുഞ്ഞിന്റെ മുഖം മനസ്സിൽ തെളിഞ്ഞു....
"ലോറി"യിലായിരുന്നെന്ന് തോന്നുന്നു , അതൊ "തകര"യിലോ...?

അടുത്ത് കണ്ട തട്ടുകടയോട് ചേർത്ത് വണ്ടി നിർത്തി, സോഡ വാങ്ങി താറാമുട്ടയില്ല, കാട മുട്ടയെ ഉള്ളൂ..

"നൊസ്റ്റാൾജിയ അൽപം ചെറുതായാൽ കുഴപ്പണ്ടാവോ നിനക്ക്..കാടമുട്ടയെ ഉള്ളൂ."
"കാടയെങ്കിൽ കാട "
അത് ഒരു പത്തെണ്ണം പൊതിഞ്ഞു വാങ്ങി.

വണ്ടി മുന്നോട്ട് നീങ്ങി....

പെട്ടന്ന് ഒരു ചാറ്റൽ മഴ എങ്ങ് നിന്നോ പ്രത്യക്ഷപ്പെട്ടു...

ഇടത് വശം നല്ല ഉരുളൻ കല്ലുകളുള്ള സുന്ദരി(ൻ) പുഴയാണ്...

"വണ്ടി സൈഡാക്കു മഴയും, പുഴയും, കോണ്യാക്കും നല്ല കോമ്പിനേഷനാവും രണ്ടെണ്ണം വീശിയിട്ട് പോയാലോ.. ? " നൊസ്റ്റാൾജിയക്കാരൻ ഉഷാറായി

"റോഡിൽ നിന്ന് അഞ്ഞൂറ് മീറ്റർ ദൂരം പാലിക്കണം ബാർ തുറക്കാൻ, കോടതി വിധിയുണ്ട്...ഇതിപ്പം ഒരു മീറ്ററെ ആയുള്ളൂ.... "

"ഇത് പോലെ ഒരു കാടൻ നിയമം ലംഘിച്ചാണ് ഗാന്ധിജി പണ്ട് ഉപ്പ് കുറിക്കിയത് " അവൻ ചരിത്രം ഓർമ്മിപ്പിച്ചു......

"ഓഹോ പ്രതിഷേധമാണോ? ..എന്നാൽ കുറുക്കിയിട്ട് അല്ല കുടിച്ചിട്ട് തന്നെ കാര്യം"
ഞാൻ ചുവന്ന കവറിൽ നിന്നും ബോട്ടിൽ പുറത്തെടുത്തു. മര കോർക്ക് കൊണ്ട് അടപ്പിട്ട മനോഹരൻ ബോട്ടിൽഅല്ലേലും ലോകത്തെ മികച്ച കലാകാരൻമാർ പെർഫ്യൂം ബോട്ടിലും മദ്യ ബോട്ടിലും ഡിസൈൻ ചെയ്യുന്നവരാണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്...

ഞാൻ ബോട്ടിലിന്റെ പ്രൈസ് നോക്കി യൂറോയിൽ എഴുതിയത് മൊബൈലി ലെ കാൽക്കുലേറ്ററിൽ കൺവർട്ട് ചെയ്തു...
"12000 രൂപാ....!!! "
-അൽപം ബഹുമാനമൊക്കയാവാം ...

മുകളിൽ ബോട്ടിലിൽ എഴുതിയത് വായിച്ച് നോക്കി 100 വർഷത്തെ പഴക്കമെല്ലാം അവകാശപ്പെടുന്നുണ്ട്. ഈശ്വരാ... മുത്തഛനെക്കാൾ പ്രായമുള്ളവനാ... ബഹുമാനിച്ചാൽ പോരാ എഴുനേറ്റ് നിന്ന് മുണ്ട് മടക്കി കുത്തിയത് അഴിച്ചി ടേണ്ടവനാണ്.....

മരകോർക്കിന്റെ മുകളിലെ ബോംബിന്റെ ഫ്യൂസിലെ സ്റ്റീൽ വളയം പോലുള്ളതിൽ പിടിച്ചു വലിച്ചു ......
"ബ്ലപ് " എന്ന ശബ്ദത്തേടെ അടപ്പ് തുറന്നു അതിൽ നിന്ന് ഉയർന്ന ആവി മൂക്കോട് ചേർത്തു...
അഴുകിയ മുന്തിരിയുടേയും വീഞ്ഞപ്പെട്ടിയുടേയും ഹൃദ്യമായ ഗന്ധം.....

മനസ്സ് വീണ്ടും ഫ്ളാഷ് ബേക്ക് പോയി നൂറ് വർഷം പഴക്കമുള്ള മഞ്ഞണിഞ്ഞ പുരാതന ഫ്രാൻസിലെ കോണ്യാക് എന്ന കുഗ്രാമത്തിലേ ക്കാണ് ഇത്തവണ പോയത്... അവിടെ പഴയ ഒരു പാണ്ടികശാല
യിൽ വീഞ്ഞപ്പെട്ടിക്ക് അടപ്പിട്ട് ചുറ്റിക കൊണ്ടടിക്കുന്ന സാന്താക്ലോസിന്റെ മുഖമുള്ള വൃദ്ധനെ സന്ദർശിച്ച് അത് തിരികെയെത്തി..

"ഊത്തെടാ "

അവൻ രണ്ട് ഗ്ളാസെടുത്തു വെച്ചു, രണ്ടിലുംഊത്തി..

"സോഡ ഒഴിച്ച് നശിപ്പിക്കണോ? "എന്ന സ്ഥിരം ക്ളീഷേ കോമഡിയുടെ അകമ്പടിയോടെ സോഡ ഒഴിച്ചു ഒറ്റ വലിക്ക് വിഴുങ്ങി ഗ്ലാസ് കമഴ്ത്തി..

പ്രിയപ്പെട്ട കൂട്ടുകാരൻ നിങ്ങൾ ബ്ലഡി ഇന്ത്യൻസിന് ഇപ്പോഴും കുടിക്കാനറിയില്ല എന്ന ഭാവത്തിൽ എന്നെ നോക്കി ഗ്ളാസിലുള്ളത് സിപ്പാൻ തുടങ്ങി. ഞാൻ മൈൻറാക്കാതെ ഒരു കാടമുട്ട വിഴുങ്ങുന്ന ജോലിയിൽ വ്യാപൃതനായി....

മഴ ചാറലിൽനിന്ന് മാറി അല്പം ശക്തി പ്രാപിച്ചിട്ടുണ്ട്....കാറിന്റെ ഗ്ളാസ് പൊക്കിയിട്ടു.

രണ്ടാമത്തെ ട്രിപ്പ് ഗ്ളാസ് നിറച്ച് ചുണ്ടോട് ചേർക്കുമ്പോൾ എന്റെ സൈഡോട് ചേർന്ന് ഒരു വെളുത്ത ബോലെറോ ബ്രേക്കിട്ടു ഞാൻ ഗ്ളാസ് താഴ്ത്തി...പോലീസാണ് .... ഷോൾഡറിൽ kp ക്ക് മുകളിൽ സ്റ്റാറുകൾ ഉണ്ട്, വെല്ല്യ പുള്ളിയാണ്...

എല്ലാ സന്നിഗ്ദ ഘട്ടങ്ങളിലും ക്ഷണിക്കാതെ എൻെറ ചുണ്ടിൽ വിരുന്നെത്തുന്ന വഷളൻ ചിരിയുമായി ഞാൻ അവനെ നോക്കി.....

വിഴുങ്ങിയ കാടമുട്ട തൊണ്ടയിൽ കുടുങ്ങിയപ്പോലെ മിഴിച്ചിരിക്കയാണ് പ്രിയപ്പെട്ട കൂട്ടുകാരൻ

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങാൻ നോക്കിയപ്പോൾ ഏമാൻ വിലക്കി... "മഴയല്ലെ ഇറങ്ങേണ്ട "
ജനമൈത്രിയാണെന്ന് തോന്നുന്നു...

അദ്ദേഹം ജീപ്പിൽ നിന്നിറങ്ങി എന്റെ ഡോറിനടുത്തേക്ക് വന്നു മഴ കാവി സോറി കാക്കി യൂണിഫോമിൽ കറുത്ത വൃത്തങ്ങൾ വീഴ്ത്തി....

അദ്ദേഹം ബോട്ടിലെടുത്ത് ജീപ്പിൽ കൊണ്ട് പോയി വെച്ച് തിരികെ വന്നു.. മൊബൈൽ ചോദിച്ചു സുഹൃത്ത് അവന്റെത് കൊടുത്തു, ഞാൻ എന്റെതും, എന്റെ കയ്യിൽ രണ്ടെണ്ണമുണ്ടായിരുന്നു.... അദ്ദേഹം ഒരു മൂളലോടെ മുൻ ഗതാഗത മന്ത്രിയെ നോക്കും പോലെ എന്നെ നോക്കി... ഞാൻ അങ്കവാലൊതുക്കി തൊണ്ട കുഴിയിൽ വന്ന് കൂവാൻ നോക്കിയ ആ വളർത്ത് പക്ഷിയുടെ കഴുത്ത് ഞെരിച്ച് തൽപ്പരകക്ഷിയല്ല എന്ന ഭാവമണിഞ്ഞ് വിനീതനായി നിന്നു......

അദ്ദേഹം ജീപ്പിൽ കയറിയിരുന്നു ബോട്ടിലിന്റെ ഭംഗി ആസ്വദിച്ചു ലേബൽ വായിക്കാൻ തുടങ്ങി പ്രൈസ് വായിച്ച് വിരലിൽ എന്തോ കണക്ക് കൂട്ടുന്നുണ്ട്, പിന്നെ ലേബലിലെ നൂറ് വർഷത്തിന്റെ അവകാശ വാദത്തിലൂടെ കണ്ണോടിക്കാൻ തുടങ്ങി......

"എടാ ഇനി അത് തിരികെ കിട്ടാൻ പാടണ് വെറുതെ സാറെ സാറെ എന്ന് വിളിച്ച് അരയിൽ മുണ്ട് കെട്ടി വിനയ കുനയനായി നിന്ന് വില കളയെണ്ട" - ഞാൻ പറഞ്ഞത് അവനും ശെരിവെച്ചു

പ്രിയപ്പെട്ട കൂട്ടുകാരനുമായി പോലിസ് ഡ്രൈവർ ഞങ്ങളുടെ കാറെടുത്ത് മുൻപേ പോയി.......

ഞാൻ എസ് ഐ യുടെ കൂടെ ജീപ്പിൽ കയറി..

മഴ ശക്തിയാർജ്ജിച്ചിരിക്കുന്നു....

"ഇതിന്റെ വൈപ്പർ എങ്ങിനെയാ ഇടുക "
ഞാൻ വൈപ്പർ ഓണാക്കി കൊടുത്തു..

"ഞാൻ ഡ്രൈവ് ചെയ്തിട്ട് 20 കൊല്ലമോ മറ്റൊ ആയി "അദ്ദേഹം തന്നോട് തന്നെ പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു... ഗിയർ ഫസ്റ്റിലേക്കിട്ടു എടുത്തു, വണ്ടി ഒന്ന് മുന്നോട്ട് ചാടി കുലുങ്ങി ഓഫായി...

രണ്ട് മൂന്ന് തവണ ഇത് തന്നെ ആവർത്തിച്ചു ...

അദ്ദേഹം ദയനീയമായി എന്നെ നോക്കി... ഞാനങ്ങോട്ട് നോക്കാതെ എൻറെ വിരലിലെ നഖം നോക്കിയി രുന്നു....

"നീ ഓടിക്കെടാ..." അധികാരത്തേക്കാൾ അപേക്ഷയാണ് സ്വരത്തിൽ

"മദ്യപിച്ച് വണ്ടിയോടിക്കാമോ സാർ " എന്നിലെ ക്രൂരൻ ഉണർന്നു....
എന്റെ തലയിൽ രണ്ട് കൊമ്പും പുറകിൽ ഒരു കുന്തമുന വാലും മുളച്ചു..... വികട സരസ്വതി ഇത്തരം ഘട്ടങ്ങളിൽ എന്റെ നാവിൽ പതിവാണ്....

"എടാ വേണ്ടാ..വേണ്ട..."
അദ്ദേഹം ഉച്ചത്തിൽ ചിരിച്ച് സീറ്റ് എനിക്ക് മാറി തന്നു... ഞാൻ വണ്ടിയെടുത്തു കുലുക്കമില്ലാത്ത നല്ല വണ്ടി...

ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. മൂന്ന് മാസം കഴിഞ്ഞാൽ പെൻഷ നാവും...... പെൻഷനാവാനുള്ള പ്രായമായെന്ന് കണ്ടാൽ തോന്നില്ല. അവിവാഹിതനാണ്, (വെറുതെയല്ല പ്രായം തോന്നാത്തത്, ജീവിത പ്രാരാബ്ദങ്ങളില്ലേൽ നമ്മളെല്ലാം മമ്മൂട്ടിയല്ലെ....?) ഡബിൾ M A ഉണ്ട് . (അബദ്ദത്തിൽ പോലിസായതാണെന്ന് തോന്നുന്നു)

"ഇതെന്താ കോണ്യാക് "

ബ്രാണ്ടിയിലെ സ്കോച്ചാണ് സാർ"
ഞാൻ ലളിതവൽക്കരിച്ചു..

"ഇതല്ലെ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നോവലിൽ എല്ലാം കാണാറുള്ള സാധനം..?"

"പുനത്തിലല്ല സാർ, എം.മുകുന്ദൻ, കാക്കനാടൻ" ഞാൻ തിരുത്തി....
പിന്നീട് ചർച്ച സാഹിത്യമായി....

"ഇത് സ്ത്രീകൾക്ക് കഴിക്കാമോ...? "
ഇടക്കൊരു ചോദ്യം

അവിവാഹിതനാണ്, ആർക്ക് കഴിക്കാനാണാവോ...,,?
ഇനി ഇന്നസെൻറ് ഏതോ സിനിമയിൽ പറഞ്ഞപ്പോലെ വീട്ടിൽ അമ്മ കഴിക്കുമായിരിക്കുമോ.....?

"അതിനെന്താ സ്ത്രീകൾക്ക് കഴിക്കാമല്ലൊ "

മുന്നിൽ സ്റ്റേഷന്റെ ബോർഡ് തെളിഞ്ഞു. ഞാൻ വണ്ടി സ്റ്റേഷൻ മുറ്റത്തേക്ക് കയറ്റി മഴയായത് കൊണ്ട് കോലായയോട് ചേർത്ത് നിർത്തി... ഒരു പോലിസുകാരൻ ധൃതിയിൽ ഓടി വന്നു അറ്റൻഷനായി എനിക്ക് നീട്ടിയൊരു സല്യൂട്ടടിച്ചു ..... ഞാൻ രോമഞ്ച കഞ്ചുകനായി ദൃധുഗ പുളകിതനായി ഇങ്ങിനെ തരിച്ചിരുന്നു പോയി... ഒരു പോലിസ് ഓഫിസർ ആവാൻ കഴിയാഞ്ഞതിൽ ജീവിതത്തിൽ ആദ്യമായി ഞാൻ സങ്കടപ്പെട്ടു....

ഡോർ തുറന്ന് പുറത്തിറങ്ങിയ എന്നെ കണ്ട് അയാൾ ജാള്യതയേടെ നോക്കി പിന്നെ രൂക്ഷമായും....

ഞാൻ കിട്ടിയ സലൂട്ടുമായി സ്റ്റേഷൻ വരാന്തയിലെ ഇരുമ്പ് കസേരയിൽ
മുട്ട കച്ചവടത്തില് നഷ്ടം വന്നവനെ പ്പോലെയിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരൻെറ അടുത്തു പോയി ഇരുന്നു.

"രണ്ട് നികുതി ശീട്ടും, ആധാറുമുണ്ടേൽ നമുക്ക് വേഗം പോവാം"
അവൻ കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി വെച്ചിട്ടുണ്ടു..

ഞാൻ പോലിസുകാരനോടു ഫോൺ വാങ്ങി ഈ കേസിൽ വിളിക്കാൻ പറ്റാവുന്ന സുഹൃത്തുക്കളെയെല്ലാം വിളിച്ചു ആരും പെട്ടന്ന് വരാവുന്ന ദൂരങ്ങളിലല്ല ഉള്ളത്,.... ഉള്ളവർക്കാണേൽ നികുതി ശീട്ടുമില്ല....

പ്രിയപ്പെട്ട കൂട്ട്കാരന്റെ ഫോണിൽ ആകെ രണ്ട്നമ്പറുകളെ ഉള്ളൂ ഒന്ന് എന്റെതുംമറ്റൊന്ന് അവന്റെ ഭാര്യയുടേതും... ഇന്നലെ ഇന്ത്യയിലെത്തിയപ്പോൾ എടുത്ത സിമ്മാണ്...

അവൻ അൽപം മാറി നിന്നു വൈഫിന് ഫോൺ ചെയ്തു തിരികെ വന്നു
"അവൾ സംഘടിപ്പിച്ച് വരാമെന്ന് പറഞ്ഞു"

അവൾ വരുമെന്നോ...!!?
എത്ര നല്ല ഭാര്യ....!
ഇതെല്ലാം കേൾക്കമ്പോഴാണ് നമ്മളുടേതിനെയെല്ലാം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

S I പുറത്തേക്ക് പോയി പുറത്തെ ഇരുട്ടിൽ മതിലിൽ ചാരി ആരോടോ ഫോണിൽ സംസാരത്തിലാണ്...

30 മിനുട്ട് കഴിഞ്ഞു സ്കൂട്ടറിൽ മഴ കോട്ടെല്ലാമിട്ട് അവൾ വരുന്നുണ്ട് . അവൾ സ്റ്റേഷനിൽ കയറിയപ്പോൾ ഞാനൊരു തൂണിന് മറവിൽ ഒളിഞ്ഞ് നിന്നു...വേറെയൊന്നും കൊണ്ടല്ല
എല്ലാ ഭാര്യമാരുടേയും വിചാരം തന്റെ സൽഗുണ സമ്പന്നനായ ഭർത്താവിനെ ചീത്തയാക്കുന്നത് അവന്റെ അലവലാതി ഫ്രണ്ട്സാണെന്നാണല്ലോ...

അവൾ രൂക്ഷമായ ഭാവത്തോടെ കയറി വന്നു ആധാറും നികുതി ശീട്ടും മേശപ്പുറത്തേക്ക് ശക്തിയോടെ എറിഞ്ഞ്, വീട്ടിലേക്ക് വാ കാണിച്ച് തരാം എന്ന് അവനോട് കണ്ണ് കൊണ്ട് പറഞ്ഞ് ഇറങ്ങിപ്പോയി..

ഓ.. ഇവളും ഇങ്ങിനെയാണോ..? ഞാൻ അവളെയും എടുത്ത് കിണറ്റിലേക്കിട്ടു.... എല്ലാവളുമാരും കണക്കാ...., ഞാൻ ലോകത്തെ സകലമാന ഭാര്യമാ രേയും എടുത്ത് കിണറ്റിലേക്കിടാൻ തുടങ്ങി....
കലിപ്പുകൾ തീര്ണില്ലെല്ലോ.....

ഇന്നലെ രാത്രി ഇവൾ ഇങ്ങിനെയൊന്നുമായിരുന്നില്ലല്ലോ എന്ന രതിചിന്തയോടെ ഇതികർത്തവ്യതാ മൂഢനായിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരൻെറ തോളിൽ തട്ടി അലവലാതി ചോദിച്ചു ഛെ...ഞാൻ ചോദിച്ചു
"പോയി അല്ലേ ...? "

"ഉം .. ഇന്നിനി വീട്ടിലേക്ക് പോവാൻ പറ്റില്ല"

റൈറ്റർ പറഞ്ഞിടത്തെല്ലാം ഒപ്പ് ചാർത്തി കൊടുത്തു..
S I അര മണിക്കൂറായി പുറത്ത് നിന്നുള്ള സംസാരത്തിൽ തന്നെയാണ്, ഞങ്ങൾ അക്ഷമരായി...

"ഇപ്പോൾ വരും പെണ്ണുങ്ങളോടാണ് സംസാരിക്കുന്നത്" റൈറ്റർ ഞങ്ങളെ സമാധാനിപ്പിക്കാൻ പറഞ്ഞു

"അദ്ദേഹം പെണ്ണ് കെട്ടിയിട്ടില്ല എന്നാ ണല്ലൊ പറഞ്ഞത് "

"ങാ...ഇത് വേറെ ആരുടേയോ പെണ്ണുങ്ങളോട് "
റൈറ്റർ അയാളുടെ തമാശ സ്വയം ആസ്വദിച്ച് ചിരിച്ചു, ഞങ്ങൾ കൂടെ ചിരിക്കാൻ കൂട്ടാക്കിയില്ല...

S I വിയർത്ത് കുളിച്ച് കയറി വന്നു, യൂണിഫോം ഇൻസൈഡെല്ലാം ഔട്ട് സൈഡായിട്ടുണ്ട് ബെൽറ്റ് തോളിൽ തൂക്കിയിട്ടിരിക്കുന്നു.... ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, കുറച്ച് ഗുണദോഷിച്ചു, സർക്കാർ മദ്യം നിരോധിക്കാതെ ഇരിക്കാനുള്ള കസേരയും മേശയും നിരോധിച്ചത് കൊണ്ട് പറ്റിയ പിഴവാണ് എന്നുള്ള ഞങ്ങളുടെ വാദം അദ്ദേഹവും ശെരി വെച്ചു.....

ഞങ്ങൾ ഫോൺ നമ്പർ പരസ്പരം കൈമാറിഇടക്ക് വിളിക്കാം എന്നു പറഞ്ഞു.....

അദ്ദേഹം ഞങ്ങളെ സ്റ്റേഷന്റെ പുറകിലെ റൂമിലേക്ക് കൊണ്ട് പോയി. ഡൈനിംഗ് കം ഡ്രസ്സിംഗ് റൂമാണ്...ഞങ്ങളെ അവിടെയിരുത്തി രണ്ട് ഗ്ളാസെടുത്ത് നിരത്തി രണ്ടിലേക്കും കോണ്യാക് പകർന്നു കഴിക്കാൻ പറഞ്ഞു..., കഴിച്ചു..

"ഇത് കൊണ്ട് തൃപ്തിപ്പെടണം"എന്ന് പറഞ്ഞു ഷേക്ഹാൻറ് തന്നു.
കാറിന്റെ കീ എടുത്തു എനിക്ക് നീട്ടി

"മദ്യപിച്ച് വാഹനമോടിക്കാമോ സാർ"
എന്നിലെ വികടൻ വീണ്ടും പുറത്ത് വന്നു.

"വേഗം വിട്ടോ അല്ലേൽ വല്ല uapa യും ചുമത്തി ഞാൻ അകത്തിടും" അദ്ദേഹം ചിരിച്ചു.
"പിന്നെ ഒലത്തും "
പ്രിയപ്പെട്ട കൂട്ട്കാരൻ ശബ്ദം താഴ്ത്തി പിറു പിറുത്തു....
അവന്റെ ഉള്ളിലെ സുരേഷ് ഗോപി ഉണരും മുൻപേ ഞാൻ കാർ പുറത്തേക്കെടുത്തു റോഡ് സൈഡിൽ ഒതുക്കി, സമയം ഇരുട്ടി തുടങ്ങിയിരിക്കുന്നു 7 മണിയായി ക്കാണും.

"ഇനിയെങ്ങോട്ടാ... "

"വണ്ടി വിട് ഊട്ടിയിലേക്ക് മദ്യപിക്കാൻ തമിഴ്നാടാ നല്ലത് ഇപ്പോൾ വിട്ടാൽ രണ്ട് മണിക്കൂർ കൊണ്ട് ഗൂഡല്ലൂരെത്താം, അവിടെ ഫ്രഞ്ച് വി എസ് ഒ പി കിട്ടും നിനക്കൊക്കെ ലോക്കലെ പറഞ്ഞിട്ടുള്ളൂ... വേഗംവിട്, കേരളംസമ്പൂർണ്ണ ചാച്ചരത ബന്ദർ കി ബച്ചെ....&%₹₹#*&%*@" ഞാൻ ഗിയർ മാറ്റി....
രണ്ട് മണിക്കൂറിൽ തമിഴ്നാട് പിടിക്കണം...

സംഗതികഴിഞ്ഞിട്ടിപ്പം മൂന്ന് മാസമായി. ജീവിതത്തിലിന്നേവരെ ബൈക്കോടിച്ചിട്ടില്ലാത്ത ഞാൻ പബ്ളിക്കിനെ ഭയപെടുത്തും വിധം അമിത സ്പീഡിൽ ബൈക്കോടിച്ചു എന്ന കുറ്റകൃത്യം രേഖപെടുത്തിയ ഇണ്ടാസും കയ്യിൽ പിടിച്ച് ഈ കോടതി വരാന്തയിൽ ഇരിപ്പാണ്... (കാറിൽ മദ്യപിച്ചു എന്ന് ചാർജ്ജ് ഷീറ്റിൽ രേഖപ്പെടുത്തിയാൽ തൊണ്ടി മുതലായ മദ്യം കോടതിയിൽ ഹാജറാക്കേണ്ടതുണ്ട്...അത് അടിച്ച് മാറ്റാൻ ചെയ്ത വേല..... ഇതിനാണ് പോലിസ് ബുദ്ധി എന്ന് പറയുന്നത് )

ഈ നീതി ന്യായ വ്യവസ്ഥ എന്നൊക്കെ പറഞ്ഞാൽ അതിനൊരു വ്യവസ്ഥയുമില്ല, നിരപരാധിയെ കുറ്റവാളിയാ ക്കാനും, കുറ്റവാളിയെ നിരപരാധി യാക്കനുമെല്ലാം എളുപ്പം സാധിക്കുന്ന ഒരു വ്യവസ്ഥയാണത് എന്ന് പറഞ്ഞ് വരികയായിരുന്നു...

ഇനി ആ ദിലീപെങ്ങാനും നിരപരാധിയായിരിക്കുമോ....?
ഹേയ്..., ആവില്ല,....
ഓനെ കണ്ടാലറിയൂലെ....

ചുമ്മാ ഒരു വർണ്ണ്യത്തിലാശങ്ക..അത്ര തന്നെ അതിനാ ഈ ബിൽഡപ്പൊക്കെ.... (പി ആറിന്റെ പണം അയച്ച് തരുന്നവർ ഇൻ ബോക്സുമായി ബന്ധപ്പെടുക)

യെന്ന്-
കൈപറ്റിയ സമൻസും കയ്യിൽ പിടിച്ച് സെക്കൻറ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ തുരുമ്പടുത്ത കസേരയിൽ വെളിയിലെ മഴകണ്ട് മൊബൈലിൽ ഇത് കുത്തി കുറിച്ച് വിളി കാത്തിരിക്കുന്ന പ്രതി ഞാൻ (കൃഷി) ഒപ്പ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :