ആറന്മുള കണ്ണാടിയിലും വ്യാജന്‍

കോഴഞ്ചേരി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഏറെ പ്രസിദ്ധമായ ആറന്മുള കണ്ണാടിക്കും വ്യാജന്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്. ആറന്മുള സ്വദേശിയായ ഒരാള്‍ സുഹൃത്തിന് നല്‍കാന്‍ വാങ്ങിയ കണ്ണാടി താഴെ വീണ് ഉടഞ്ഞപ്പോള്‍ കണ്ണാടിയില്‍ മെര്‍ക്കുറിയുടെ ആവരണം കണ്ടെത്തിയിരുന്നു. ഇതാണ് വ്യാജ ആറന്മുള കണ്ണാടി ഇറങ്ങിയതായി സൂചന ലഭിച്ചത്. ഇത്തരത്തില്‍ നിരവധി കണ്ണാടികള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.

പരമ്പരാഗത കൂട്ടുകളിലും നിര്‍മാണ ശൈലിയിലും മാറ്റം വരുത്തി നിര്‍മ്മിക്കുന്ന ഇത്തരം കണ്ണാടികള്‍ ആറന്മുള കണ്ണാടിയുടെ പ്രശസ്തി തകര്‍ക്കുമെന്ന് യഥാര്‍ഥ നിര്‍മാതാക്കള്‍ പറയുന്നു. ടൈല്‍പൗഡര്‍ (കളിമണ്ണ് വേവിച്ച് പൊളിച്ച് എടുക്കുന്നവ), ആറന്മുള വയലില്‍നിന്ന് ശേഖരിക്കുന്ന പ്രത്യേക തരം ചെളി, ചണം എന്നിവ ചേര്‍ത്ത മിശ്രിതം കൊണ്ടാണ് കണ്ണാടിക്ക് ആവശ്യമായ അച്ച് നിര്‍മിക്കുന്നത്. ഇതില്‍ പ്രത്യേക അനുപാതത്തില്‍ ചെമ്പും വെളുത്തീയവും ചേര്‍ത്ത് ഉരുക്കിയെടുത്ത മിശ്രിതം ഒഴിച്ച് വയ്ക്കും. ഇതു തണുക്കുന്നതോടെ അച്ചു പൊട്ടിച്ച് പുറത്തെടുക്കുന്ന കണ്ണാടി മിനുസപ്പെടുത്തി തിളക്കമുള്ളതാക്കുകയാണ്. ഇങ്ങനെയാണ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്.

എന്നാല്‍ പുതിയ തലമുറയിലെ നിര്‍മാതാക്കള്‍ അനുപാതം തെറ്റായാണ് ഉപയോഗിക്കുന്നത് ഇത് കണ്ണാടിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തിയിട്ടുണ്ട്. ഇതിനുപുറമെയാണ് വ്യാജ ഉല്‍പന്നങ്ങള്‍ ആറന്മുള കണ്ണാടിക്ക് പേരുദോഷം കേള്‍പ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :