അരൂരില്‍ കാറില്‍ ട്രെയിനിടിച്ച് 5 മരണം

ആലപ്പുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ആലപ്പുഴ: അരൂരില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് അഞ്ചു പേര്‍ മരിച്ചു. അരൂരിലെ ഒരു ടാക്സിക്കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഹാപ്പാ തിരുനെല്‍‌വേലി എക്സ്പ്രസാണ് കാറില്‍ ഇടിച്ചത്. കെഎല്‍ 32 സി 276 എന്ന നമ്പറിലുള്ള ഇന്‍ഡിക്ക കാറാണ്‌ അപകടത്തില്‍പെട്ടത്‌. വെകുന്നേരം 3.15ഓടെ കളത്തില്‍ ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

കാറുടമയും അരൂര്‍ സ്വദേശിയുമായ കളത്തില്‍ സുമേഷ് (23), തൃക്കുന്നപ്പുഴ സ്വദേശി കാര്‍ത്തികേയന്‍ (70), പെരുമ്പളം സ്വദേശി നാരായണന്‍ (65), പൂച്ചാക്കല്‍ സ്വദേശി ചെല്ലപ്പന്‍, ചേര്‍ത്തല സ്വദേശി നെയ്ത്തുപുരയ്ക്കല്‍ വിന്‍സന്റിന്റെ മകന്‍ നെല്‍ഫിന്‍ (3) എന്നിവരാണ് മരിച്ചത്.

അപകടസ്ഥലത്തുവെച്ചുതന്നെ തന്നെ മൂന്നു പേര്‍ മരിച്ചിരുന്നു. ജീവന്‍ അവശേഷിച്ച രണ്ടു പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ‍നായില്ല. കാറുടമ സുമേഷ്, നെല്‍ഫിന്‍ എന്നിവരെയായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ നൂറു മീറ്റര്‍ അകലേയ്ക്ക് ചിന്നിച്ചിതറുകയായിരുന്നു. നാട്ടുകാരും തീവണ്ടിയിലുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്നാണ്‌ അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ആദ്യം ശ്രമമാരംഭിച്ചത്‌. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :