അഭയ: രാഷ്ട്രീയക്കാര്‍ സഹായിച്ചെന്ന് ജോമോന്‍

ന്യൂഡല്‍ഹി| WEBDUNIA|
അഭയകേസിന്‍റെ നടത്തിപ്പിന്‌ രഷ്ട്രീയപ്രവര്‍ത്തകരും മെത്രാന്മാരുമായി നിരവധി പേര്‍ തന്നെ സഹായിച്ചെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. സാമ്പത്തികമായി സഹായിച്ചവരുടെ പട്ടിക ജോമോന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്ന ജോമോന്‍റെ സ്വത്തും വിദ്യാഭ്യാസവും സംബന്ധിച്ച അന്വേഷണത്തിന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ ജോമോന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന്‌ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി ഉന്നയിച്ച 23 ചോദ്യങ്ങള്‍ക്ക്‌ ജോമോന്‍ സ്വമേധയാ ഉത്തരം നല്‍കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജോമോന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയത്.

കെപിസിസി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ എം മാത്യുവും അടക്കമുള്ളവര്‍ നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെ വിശദാംശങ്ങള്‍ ആണ് ജോമോന്‍ സമര്‍പ്പിച്ചിരിക്കുന്നത്‌. കേസ് നടത്തിപ്പിനും മറ്റും ഇന്ത്യയില്‍ നിന്നു മാത്രം 41 പേര്‍ തന്നെ സഹായിച്ചിണ്ടെന്നും ഇതില്‍ രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്‌.

ബി ജെ പി നേതാക്കളായ പി എസ് ശ്രീധരന്‍ പിള്ള, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി സി ജോര്‍ജ്‌ സി പി എം നേതാവായിരുന്നു അന്തരിച്ച ടി കെ രാമകൃഷ്ണന്‍, ലോനപ്പന്‍ നമ്പാടന്‍ എന്നിവരൊക്കെ തന്നെ സഹായിച്ചവരാണെന്ന്‌ സത്യവാങ്മൂലത്തില്‍ ജോമോന്‍ വ്യക്തമാക്കുന്നുണ്ട്‌. പട്ടികയില്‍ രണ്ട്‌ ബിഷപ്പുമാരുടെ പേരുമുണ്ട്‌.

വിദേശത്തു നിന്നും തനിക്ക്‌ സഹായം ലഭിച്ചിട്ടുണ്ടെന്ന്‌ ജോമോന്‍ അറിയിച്ചു. എന്നാല്‍ ഇപ്രകാരം വിശദാംശങ്ങള്‍ ചോദിക്കുന്നത്‌ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :