അപാകത കൊണ്ടല്ല തിരുവഞ്ചൂരിനെ മാറ്റിയതെന്ന് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
പ്രവര്‍ത്തനത്തിലെ അപാകത കൊണ്ടല്ല ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകുപ്പ് മാറ്റിയതെന്ന് മന്ത്രി രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഏല്പിച്ച എല്ലാ വകുപ്പുകളും നന്നായി കൈകാര്യം ചെയ്ത ആളാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ ഒന്നര വര്‍ഷം ആഭ്യന്തര വകുപ്പില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നതാണ്. തിരുവഞ്ചൂരില്‍ നിന്ന് വകുപ്പ് മാറ്റിയത് പ്രവര്‍ത്തനത്തിലെ അപാകത കൊണ്ടാണെന്ന് പറയുന്നത് ശരിയല്ല. താന്‍ മന്ത്രിസഭയിലേക്ക് വന്നതു കൊണ്ട് എല്ലാം ഭംഗിയാവും എന്ന് സ്വയം പറയാനാകുമോയെന്നും മന്ത്രി പറഞ്ഞു.

തന്റെ വകുപ്പിന്റെ കാര്യം മുഖ്യമന്ത്രിയാണ് പറയേണ്ടത്. മന്ത്രിമാരുടെ വകുപ്പു മാറ്റുന്നതും മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മന്ത്രിസഭയിലേക്ക് തന്നെ രണ്ടു തവണ നേരത്തെ ക്ഷണിച്ചതാണ്. എന്നാല്‍ പാര്‍ട്ടിയെ നയിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞ് താന്‍ ഒഴിഞ്ഞു.

ഇപ്പോള്‍ ഹൈക്കമാന്‍ഡാണ് താന്‍ മന്ത്രിയാവണമെന്ന് നിര്‍ദ്ദേശിച്ചത്. അത് ഞാന്‍ അനുസരിക്കുന്നു. പാര്‍ട്ടിയുടെ തീരുമാനത്തിന് അപ്പുറത്ത് തനിക്ക് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളില്ല. പാര്‍ട്ടി പറ‍ഞ്ഞാല്‍ ഏതു സ്ഥാനവും ഏറ്റെടുക്കും. അതു പോലെ ഒഴിയണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും ചെന്നിത്തല വ്യക്തമാക്കി.

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. മുഖ്യന്ത്രിയോട് നന്ദിയും പറയുന്നു. സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ നിറവേറ്റി മുന്നോട്ട് പോകും. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായിരിക്കും മുന്‍തൂക്കം നല്‍കുക. ജനങ്ങള്‍ യുഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഒന്പതു കൊല്ലം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പ്രവര്‍ത്തിച്ചത്. ഇനി സര്‍ക്കാരിനെ കൂടി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിന് തന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയുണ്ടാകും. 27 വയസുള്ളപ്പോഴാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന മന്ത്രിസഭയില്‍ ഒരു വര്‍ഷം മന്ത്രിയായത്. ഇപ്പോള്‍ 27 വര്‍ഷത്തിന് ശേഷം വീണ്ടും മന്ത്രിയാവുന്നത് ഭാഗ്യമായി കാണുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് (ബി)​ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. പിള്ള യുഡിഎഫിന്റെ സമുന്നത് നേതാവാണ്. മുന്നണി സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാഉള്ളത് ചെറിയ പ്രശ്നങ്ങളാണ്,​ അത് പരിഹരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :