അടുത്ത മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍‌ചാണ്ടി കളിതുടങ്ങി!

  ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല, സുധീരന്‍, കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി, പിണറായി Oommenchandy, Chennithala, Sudheeran, Congress, Rahul Gandhi, Pinarayi
തിരുവനന്തപുരം| ജോണ്‍ കെ ഏലിയാസ്| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (16:00 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആര് മുഖ്യമന്ത്രിയാകും? ഇപ്പോള്‍ തലപുകയ്ക്കേണ്ട വിഷയമല്ല അതെങ്കിലും കോണ്‍ഗ്രസിലെ ചിലര്‍ അക്കാര്യത്തില്‍ ഇപ്പോഴേ കളി തുടങ്ങിയതായാണ് വിവരം. ഇതില്‍ പ്രധാനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തന്നെയാണത്രേ!

നിലവില്‍ ഒരു സ്ഥാനവും ഉമ്മന്‍‌ചാണ്ടിക്ക് ഇല്ല. ഒരു സാധാരണ എം എല്‍ എയാണ്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍‌ചാണ്ടി വീണ്ടും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ള ഗ്രൌണ്ട് വര്‍ക്കുകള്‍ ഉമ്മന്‍ചാണ്ടി ഇപ്പൊഴേ ആരംഭിച്ചുകഴിഞ്ഞുവത്രേ.

ജനകീയാടിത്തറ ശക്തമാക്കുക എന്നതാണ് ഇക്കാലയളവില്‍ ഉമ്മന്‍‌ചാണ്ടി ചെയ്യുന്നത്. കെ എസ് ആര്‍ ടി സി ബസിലും ട്രെയിനിലുമൊക്കെ ഇടയ്ക്കിടെ യാത്ര ചെയ്യുന്നത് അതിന്‍റെ ഭാഗമാണ്. അങ്ങനെയൊക്കെ ചെയ്താല്‍ മാത്രം പോരാ, അതൊക്കെ കൃത്യമായി വാര്‍ത്തയാക്കുകയും ഒന്നോ രണ്ടോ ദിവസം ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നു.

സാധാരണ ജനങ്ങളില്‍ ഉമ്മന്‍‌ചാണ്ടി എന്നത് ഒരു വികാരമായി നിലനില്‍ക്കുന്നുണ്ട്. ജനമനസുകളില്‍ ഉമ്മന്‍‌ചാണ്ടിക്കുള്ള സ്ഥാനം രമേശ് ചെന്നിത്തലയ്ക്കോ സുധീരനോ ഇല്ലെന്നുള്ളതും വാസ്തവമാണ്. പ്രതിപക്ഷ നേതാവാണെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ഉമ്മന്‍‌ചാണ്ടിക്കുള്ള സ്വാധീനം ചെന്നിത്തലയ്ക്കില്ല. അതുകൊണ്ടുതന്നെ, ചെന്നിത്തലയോ സുധീരനോ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ളതിനേക്കാള്‍ ഇരട്ടിയോളം സാധ്യത ഉമ്മന്‍‌ചാണ്ടിക്കുണ്ട് എന്നത് വസ്തുതയാണ്.

ഒരു സ്ഥാനവുമില്ലെങ്കിലും സംസ്ഥാനത്തെ എല്ലാ വിഷയങ്ങളിലും ഇടപെട്ട് സംസാരിക്കാന്‍ ഉമ്മന്‍‌ചാണ്ടി ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളും ഉമ്മന്‍‌ചാണ്ടിയുടെ പ്രതികരണത്തിന് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിനൊക്കെയുപരി യു ഡി എഫിലെ ഘടകകക്ഷികള്‍ക്കെല്ലാം പ്രിയപ്പെട്ട നേതാവും കുഞ്ഞൂഞ്ഞ് തന്നെ. കാത്തിരിക്കാം, ഉമ്മന്‍‌ചാണ്ടിയുടെ പുതിയ കളികള്‍ക്കായി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :