സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ഗാര്‍ഹിക പീഡനവും അയല്‍വാസികളുമായുള്ള തര്‍ക്കവും കൂടുതലായി കണ്ടുവരുന്നു

വനിത കമ്മീഷന്‍ അദാലത്ത്
രേണുക വേണു| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (09:25 IST)
വനിത കമ്മീഷന്‍ അദാലത്ത്

സ്ത്രീകള്‍ തമ്മിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായും പലപ്പോഴും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും വനീതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. കടം, പലിശയ്ക്ക് നല്‍കല്‍, സ്വകാര്യ ചിട്ടി തുടങ്ങിയവയിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടമാകുന്നുണ്ട്. ഇത് സംബന്ധിച്ച നാല് പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് വന്നതെന്നും കനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

വെറും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പണം നല്‍കുന്നത്. പലവിധ കാരണങ്ങളാല്‍ പണം തിരികെ ലഭിക്കാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പണം നല്‍കിയതിന് യാതൊരു രേഖയുമില്ലാത്തതിനാല്‍ പൊലീസ് ഇടപെടല്‍പോലും സാധ്യമാകാതെ വരുന്നുണ്ടെന്നും സതീദേവി ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക പീഡനവും അയല്‍വാസികളുമായുള്ള തര്‍ക്കവും കൂടുതലായി കണ്ടുവരുന്നു. ഭവന സമുച്ചയങ്ങളിലെ ഫ്ളാറ്റ് ഉടമകള്‍ തമ്മിലുള്ള പൊതുസ്ഥല വിനിയോഗം സംബന്ധിച്ച തര്‍ക്കങ്ങളാണ് പുതുതായി കണ്ടുവരുന്ന പ്രവണത. നടക്കുന്ന വഴിയില്‍ ചെടിച്ചട്ടി വച്ചു തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ തുടങ്ങുകയും പിന്നീട് വിഷയം കൈവിട്ടുപോകുകയുമാണ് ചെയ്യുന്നത്.

ദാമ്പത്യ പ്രശ്നങ്ങളില്‍ മുതിര്‍ന്ന രക്ഷിതാക്കളുടെ ഇടപെടലുകളാണ് മിക്കവാറും പ്രശ്നം വഷളാക്കുന്നത്. രമ്യമായി പരിഹരിക്കാവുന്ന പരാതികളാണ് ഇതില്‍ കുടുതലും. അത്തരം കേസുകള്‍ ജില്ലാ നിയമസഹായ അതോറിട്ടിയുടെ കൗണ്‍സിലിംഗിന് അയക്കുന്നുണ്ട്. അദാലത്ത് വേദികള്‍ക്ക് പുറമേ വനിതാ കമ്മീഷന്‍ ആസ്ഥാനത്തും കൗണ്‍സിലിംഗിന് ഇപ്പോള്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരര്‍ക്കിടയിലും ദാമ്പത്യ പ്രശ്നങ്ങള്‍ കൂടുന്നതായി കാണുന്നു. അത്തരം പരാതിയും അദാലത്തില്‍ എത്തിയിരുന്നതായി വനിത കമ്മീഷന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :