'ചെന്നിത്തല ജീ, പ്രളയം വന്നതും 180ലധികം ടോയ്‌ലറ്റുകൾ ഒലിച്ച് പോയതുമൊന്നും അറിഞ്ഞില്ലേ ആവോ...’

'ചെന്നിത്തല ജീ, പ്രളയം വന്നതും 180ലധികം ടോയ്‌ലറ്റുകൾ ഒലിച്ച് പോയതുമൊന്നും അറിഞ്ഞില്ലേ ആവോ...’

കെ എസ് ഭാവന| Last Modified ചൊവ്വ, 20 നവം‌ബര്‍ 2018 (15:27 IST)
ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങളാണ് ഇപ്പോൾ കോൺഗ്രസ്സ്, ബിജെപി പ്രവർത്തകരെ വലക്കുന്ന വിഷയം. പിണറായി സർക്കാറിനെ കുറ്റപ്പെടുത്തുന്നതിനായി മാത്രം വാ തുറക്കുന്ന ഇവർക്ക് ഇപ്പോൾ കിട്ടിയ കച്ചിത്തുരുമ്പാണ് ഈ അടിസ്ഥാന സൗകര്യങ്ങൾ.

എന്നാൽ മുമ്പ് ഉണ്ടായതും ഇപ്പോൾ ഉള്ളതുമായ സൗകര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ടാണോ ഇവർ പ്രതിഷേധം ഉയർത്തുന്നത്? അങ്ങനെ അറിഞ്ഞുകൊണ്ടാണെങ്കിൽ സൗകര്യങ്ങൾ ഇല്ല എന്ന് പറഞ്ഞ് സർക്കാറിനെ കുറ്റപ്പെടുത്താൻ ഇവർ നിൽക്കില്ല.

പ്രളയം ശബരിമലയിലും പരിസരങ്ങളിലുമായി വൻനാശനഷ്‌ടമാണ് ഉണ്ടാക്കിയത്. പ്രളയത്തിന് മുമ്പ് പമ്പയിൽ ഉണ്ടായിരുന്നത് 390 ടോയ്‌ലറ്റുകളാണ് എന്നാൽ അതിൽ 180 എണ്ണം പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. തുടർന്ന് ബയോ ടോയ്‌ലറ്റ് ഉൾപ്പെടെ 380 ടോയ്‌ലറ്റുകളാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് അവിടം ഒരുക്കിയിരിക്കുന്നത്.

അതുപോലെ നിലയ്ക്കലിലേയ്ക്ക് ബേയ്സ് ക്യാമ്പ് മാറ്റിയ ശേഷം 1250 ടോയ്ലറ്റുകള്‍ ഉണ്ടാക്കുകയും അതിൽ 920 പൊതുവായിട്ടുള്ളവയും ബാക്കിയുള്ളവ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ളതുമാക്കി.

കൂടാതെ, 2000 പേര്‍ക്ക് വിരിവെക്കാന്‍ പറ്റുന്ന മൂന്ന് വലിയ ഹാളുകള്‍ പുതിയതായി നിർമ്മിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ 6000 പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ മുമ്പ് ഈ സ്ഥാനത്ത് ആയിരം പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം മാത്രമാണുണ്ടായത്.

അതേസമയം ഇതിൽ നിന്നെല്ലാം കൂടുതലായി സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :